അംഗൻവാടി ടീച്ചർക്ക് തോന്നിയ സംശ‍യം, കോഴിക്കോട് മുക്കത്ത് നാലുവയസുകാരിയെ പീഡിപ്പിച്ച 22കാരൻ പിടിയിൽ



കോഴിക്കോട്: മുക്കത്ത് നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 22കാരൻ അറസ്റ്റിലായി. കൂടരഞ്ഞി സ്വദേശി മുഹമ്മദ് മിഥിലാജാണ് അറസ്റ്റിലായത്. മുക്കം പൊലീസ് വയനാട്ടിൽനിന്നാണ് പ്രതിയെ പിടികൂടിയത്.

സുഹൃത്തിന്‍റെ കുഞ്ഞിനെയാണ് മിഥിലാജ് പീഡനത്തിനിരയാക്കിയത്. കുട്ടി അസ്വാഭാവികമായി പെരുമാറുന്നത് കണ്ട് അംഗൻവാടി ടീച്ചർക്ക് സംശ‍യം തോന്നുകയായിരുന്നു. കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ കാര്യങ്ങൾ വ്യക്തമായി. ശരീരത്തിൽ പലയിടത്തും വേദനയുള്ളതായി കുട്ടി പറഞ്ഞു.

വിവരം അംഗൻവാടി ടീച്ചർ രക്ഷിതാക്കളെ അറിയിച്ചു. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഇതോടെ മിഥിലാജ് ഒളിവിൽ പോയി. തുടർന്ന് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മിഥിലാജിനെ അറസ്റ്റ് ചെയ്തത്.