2012-2022 കാലയളവിൽ വാളയാറിൽ ആത്മഹത്യ ചെയ്തത് പ്രായപൂർത്തിയാകാത്ത 27 പെൺകുട്ടികൾ; സിബിഐ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
കൊച്ചി: 2012-2022 കാലയളവിൽ പ്രായപൂർത്തിയാകാത്ത 27 പെൺകുട്ടികൾ വാളയാറിൽ ആത്മഹത്യ ചെയ്തതായി സിബിഐ. വാളയാറിലെ ഇരട്ട സഹോദരിമാർ ലൈംഗികാതിക്രമത്തിനിരയായി മരിച്ച കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ ദി ഹിന്ദുവാണ് റിപ്പോർട്ട് ചെയ്തത്.minor
2017 ജനുവരി 13നാണ് 13 വയസുകാരിയെ വാളയാറിലെ ഒറ്റമുറി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് സഹോദരിയായ ഒൻപതു വയസുകാരിയെയും വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പോക്സോ നിയമപ്രകാരം ഈ മേഖലയിൽ 305 കേസുകൾ രജിസ്റ്റർ ചെയ്തതായി സിബിഐ റിപ്പോർട്ടിൽ പറയുന്നു.
2012 മുതൽ 2022 ഡിസംബർ 20വരെ 18 വയസിന് താഴെയുള്ള പെൺകുട്ടികൾ ആത്മഹത്യ ചെയ്ത 27 കേസുകളുടെ വിശദാംശങ്ങൾ അടങ്ങിയ ചാർട്ട് സിബിഐ കൊച്ചിയിലെ സിബിഐ കോടതിക്ക് നൽകി. 2010 മുതൽ 2023 വരെയുള്ള കാലയളവിൽ ജീവനൊടുക്കിയ, 13 വയസിന് താഴെയുള്ള കുട്ടികളുടെ സ്ഥിതിവിവരക്കണക്കുകൾ ഉൾക്കൊള്ളുന്ന 101 പേജുള്ള ഒരു റിപ്പോർട്ടും സിബിഐ കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്.