പിറന്നാൾ ദിനത്തിൽ ലഭിച്ച ചോക്ലേറ്റിൽ 4 കൃത്രിമ പല്ലുകൾ; പരാതിയുമായി അധ്യാപിക

teeth

ഭോപാൽ: ചോക്ലേറ്റ് കഴിക്കുന്നതിനിടെ എന്തോ ഒന്ന് വായിൽ തടഞ്ഞു. കടിച്ചു നോക്കി, പക്ഷെ കട്ടിയുള്ള സാധനമായതുകൊണ്ട് ഏശിയില്ല. എന്താണെന്ന് നോക്കാൻ പുറത്തേക്കെടുത്തു നോക്കിയപ്പോളാണ് ഞെട്ടലും ഓക്കാനാവും ഒരുമിച്ച് വന്നത്. സാധനം കൃത്രിമ പല്ലുകളായിരുന്നു. അതും നാലെണ്ണം. മധ്യപ്രദേശിലെ ഖാർഗോണിൽ നിന്നുള്ള അധ്യാപികയായ മായാദേവി ഗുപ്തയ്ക്കാണ് ഇത്തരമൊരു ​​​ദുരനുഭവം.teeth

തന്റെ വിദ്യാർഥികളിലൊരാളുടെ പിറന്നാൾ ആഘോഷത്തിന് പോയപ്പോൾ ലഭിച്ച ചോക്ലേറ്റ് കുറച്ച് ദിവസങ്ങൾക്കു ശേഷമാണ് ​ഗുപ്ത കഴിച്ചത്. കാപ്പി ഫ്ലേവറിലുളള ചോക്ലേറ്റ് ആസ്വദിച്ച് കഴിക്കുന്നതിനിടെ എന്തോ വായിൽ തടയുകയും കടിച്ചമർത്താൻ സാധിച്ചപ്പോൾ കട്ടിയുള്ള വസ്തുവാണെന്ന് മനസിലാകുകയും ചെയ്തു. പിന്നീട് വായിൽ നിന്ന് പുറത്തെടുത്ത് നോക്കിയപ്പോഴാണ് നാല് കൃത്രിമ പല്ലുകളാണെന്ന് തിരിച്ചറിഞ്ഞത്.

ഖാർഗോണിലെ ഒരു എൻ.ജി.ഒയിൽ ജോലി ചെയ്യുന്ന അധ്യാപികയാണ് മായാദേവി. കുട്ടികൾക്കായി എൻ.ജി.ഒ സംഘടിപ്പിച്ച ജന്മദിന പാർട്ടിയിൽ സാമൂഹിക പ്രവർത്തകരുൾപ്പെടെ നിരവധിപേർ പങ്കെടുത്തിരുന്നു. എന്നാൽ ഇവർക്ക് മാത്രമാണ് ഇങ്ങനെയൊരു ദുരനുഭവമുണ്ടായത്. സംഭത്തിന് ശേഷം ഖാർഗോണിലെ ജില്ലാ ഭക്ഷ്യ-മരുന്ന് വകുപ്പിന് ഗുപ്ത പരാതി നൽകി. പിന്നാലെ ചോക്ലേറ്റ് വാങ്ങിയ കടയിൽ നിന്ന് ഉദ്യോഗസ്ഥർ ചോക്ലേറ്റ് സാമ്പിളുകൾ ശേഖരിച്ചതായും ഇത് വിദ​ഗ്ധ പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയയ്ക്കുമെന്നും ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ ഉദ്യോഗസ്ഥനായ എച്ച്എൽ അവാസിയ പറഞ്ഞു.

നേരത്തെ, ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സെപ്‌റ്റോ വഴി ഓർഡർ ചെയ്ത ഹെർഷിയുടെ ചോക്ലേറ്റ് സിറപ്പിൽ ചത്ത എലിയെ കണ്ടെത്തിയതായി ഒരു കുടുംബം പരാതിപ്പെട്ടിരുന്നു. എന്നാൽ ഇത് കമ്പനി അം​ഗീകരിക്കാൻ തയാറായില്ല. ഓരോ ഉൽപ്പന്നവും ഒന്നിലധികം ഗുണനിലവാര പരിശോധനകൾക്ക് വിധേയമാകുമെന്നും ഇത്തരം സംഭവങ്ങൾ സാധ്യമല്ലെന്നുമായിരുന്നു കമ്പനിയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *