‘മീനച്ചിൽ താലൂക്കിൽ മാത്രം ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെൺകുട്ടികളെ’: പി.സി ജോർജ്
കോട്ടയം: മീനച്ചിൽ താലൂക്കിൽ മാത്രം ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെൺകുട്ടികളെയെന്ന് ബിജെപി നേതാവ് പി.സി ജോർജ്. അതിൽ 41 പെൺകുട്ടികളെ തിരിച്ചുകിട്ടിയെന്നും പി.സി ജോർജ് പറയുന്നു. ലഹരി ഭീകരതയ്‌ക്കെതിരെ പാലാ ബിഷപ്പ് പാലായില്‍ വിളിച്ച സമ്മേളനത്തിലാണ് പി.സി ജോര്‍ജിന്റെ വിവാദ പ്രസ്താവന.PC George
22,23 വയസാകുമ്പോൾ പെൺകുട്ടികളെ കെട്ടിച്ചുവിടണം, ഇക്കാര്യം ക്രൈസ്തവ സമൂഹം ശ്രദ്ധിക്കണമെന്നും പി.സി ജോർജ് പറയുന്നു.
” ക്രിസ്ത്യാനിയെന്തിനാ 25ഉം30ഉം പ്രായമാകുന്നത് വരെ കാത്തിരിക്കുന്നത്. ഭരണങ്ങാനത്ത് നിന്നും ഇന്നലെയും ഒരു പെണ്‍കുട്ടിപോയി, വയസ് 25 ആണ്. അവരെ തപ്പിക്കൊണ്ടിരിക്കുകയാണ്. 25 വയസ് വരെ ആ പെൺകുട്ടിയെ പിടിച്ചുവെച്ച അപ്പനിട്ട് അടി കൊടുക്കേണ്ടേ, എന്തേ അതിനെ കെട്ടിച്ചുവിടാഞ്ഞത്. 25 വയസൊക്കെ ആകുമ്പോൾ പെൺകുട്ടികൾക്ക് ആൺകുട്ടികളോട് ആകർഷണം തോന്നില്ലെ. ഇത് യാഥാർത്ഥ്യമാണ്. മനുഷ്യസഹജമായ ദൗർബല്യങ്ങളാണ്, ഇത് അറിയാതെ പോയിട്ട് കാര്യമൊന്നുമില്ല”- പി.സി ജോര്‍ജ് പറയുന്നു.
” മുസ്‌ലിം പെൺകുട്ടികൾ വഴിപിഴച്ച് പോകുന്നില്ല. എന്താ കാര്യം, അവരെ പതിനെട്ട് തികയുമ്പോഴെ പിടിച്ചുകെട്ടിക്കുകയാണ്. നമ്മളോ 28,29 ആയാലും വല്ല ശമ്പളവും കിട്ടുന്നവരാണെങ്കിൽ കെട്ടിക്കില്ല. ആ ശമ്പളം ഇങ്ങ് പോരട്ടെ എന്നാണ് നിലപാട്. അതാണ് പ്രശ്‌നം, അതുകൊണ്ട് ക്രിസ്ത്യാനികൾ നിർബന്ധമായും 24 വയസിനകം പെൺകുട്ടികളെ കല്യാണം കഴിപ്പിക്കണം, അതു കഴിഞ്ഞ് പഠിച്ചോട്ടെ. ഇക്കാര്യം ക്രൈസ്തവ സമൂഹം ശ്രദ്ധിക്കണമെന്നും”- പി.സി ജോർജ് പറഞ്ഞു.
നാർക്കോട്ടിക് ജിഹാദിനെതിരെയും ലൗ ജിഹാദിനെതിരെയും ഒരുമിച്ച് തന്നെ നീങ്ങണമെന്നും ഇതിന് ഹൈന്ദവ സഹോദരങ്ങളെ കൂടെകൂട്ടണമെന്നും അതല്ലാതെ രാജ്യത്ത് രക്ഷയില്ലെന്നും പി.സി ജോർജ് പറയുന്നു.