47.12 കോടിയുടെ വൻ പദ്ധതികൾ നടപ്പിലാക്കും: അരീക്കോട് ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
അരീക്കോട് : പാർപ്പിടത്തിനും വിദ്യാഭാസ മേഖലക്കും ഊന്നൽ നൽകി അരീക്കോട് ഗ്രാമ പഞ്ചായത്ത് 2024-25 വർഷത്തെ ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. ദിവ്യ അവതരിപ്പിച്ചു. 47.1290622 കോടി രൂപ വരവും, 46.2204883 കോടി രൂപ ചെലവും 90.85739 രൂപ മിച്ചവും പ്രതീക്ഷിക്കാവുന്നതാണ് ബജറ്റ്. സമ്പൂർണ പാർപ്പിട പദ്ധതി വിദ്യാഭ്യാസ, കാർഷിക, ആരോഗ്യ, ശുചിത്വ, കുടിവെള്ള, തെരുവ് വിളക്ക്, ചെറുകിട വ്യവസായം, സാമൂഹ്യ ക്ഷേമം, യുവജനക്ഷേമ മേഖലകൾക്ക് പ്രാധാന്യം നൽകി. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട മുഴുവൻ ഗുണഭോക്താക്കൾക്കും വീട് ലഭ്യമാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കും.
ഭവന നിർമ്മാണം, വിദ്യാഭ്യാസം, ആരോഗ്യം, വയോജന ക്ഷേമം, വനിതാ ക്ഷേമം, പട്ടിക ജാതി, വികസനം, ദാരിദ്ര്യ ലഘൂകരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി 13.9745910 കോടി രൂപ വകയിരുത്തി. ഉൽപാദന മേഖലയായ കൃഷി, മൃഗസംരക്ഷണം, പ്രകൃതി സംരക്ഷണം തുടങ്ങിയവക്കായി 79,85640 രൂപയും വകയിരുത്തി. സ്ത്രീകളുടെയും യുവാക്കളുടെയും ആരോഗ്യം ലക്ഷ്യമിട്ടുകൊണ്ട് ജിം നിർമ്മാണം, ഉപകരണങ്ങൾക്കും ലഭ്യമാകൽ, യോഗ പരിശീലനത്തിനും, ബാപ്പു സാഹിബ് സ്മാരക സ്‌റ്റേഡിയം സ്പോർട്സ് കോംപ്ലക്സ് ആക്കി ഉയർത്തി കൊണ്ടു വരുന്നത് 15 കോടി വകയിരുത്തി.
പശ്ചാത്തല മേഖല- റോഡ്, കെട്ടിട നിർമ്മാണം, ആസ്തി സംരക്ഷണം തുടങ്ങിയവയ്ക്ക് 1.6723000 കോടി രൂപയും വകയിരുത്തി. വയോജന പാർക്ക് വയോജനങ്ങൾക്കുള്ള സഹായോപകരണങ്ങൾ ഉൾപ്പടെയുള്ള വയോജന പദ്ധതികൾക്കും, ഭിന്നശേഷി മേഖലയിലും വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കും. തൊഴിൽ മേളകളും, നെറ്റ് സീറോ കാർബൺ പദ്ധതികളും നടപ്പിലാക്കും. പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാൾ കെട്ടിട നിർമാണം പൂർത്തീകരിക്കും.
ആശുപത്രികളുടെ നവീകരണ പ്രവർത്തികൾ, കൃഷിഭവൻ, ആയൂർവേദ, ഹോമിയോ, വെറ്റിനറി, സ്ത്രീകൾക്കും, പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികൾക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കും. ശുചിത്വ മേഖലയിൽ എം.സി.എഫ് സൗകര്യം മെച്ചപ്പെടുത്തൽ, സമ്പൂർണ്ണ സോക്പിറ്റ്, കമ്പോസ്റ്റ് പിറ്റ്, ലൈഫ് ഗുണഭോക്താക്കൾക്ക് ടോയ്ലറ്റ്, വിവിധ കുളിക്കടവുകളുടെ പുനരുദ്ധാരണം, കമ്മ്യൂണിറ്റി ടോയ്‌ലറ്റ് തുടങ്ങിയവ നടപ്പിലാക്കും.