ഇൻഡോറിലെ 6.70 ഏക്കർ ഭൂമി: വഖഫ് ബോർഡിന്റെ അവകാശവാദം തള്ളി കോടതി, ഭൂമി മുനിസിപ്പൽ കോർപ്പറേഷന്

Municipal

ഇൻഡോർ: മധ്യപ്രദേശിൽ വഖഫ് ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്ത 6.70 ഏക്കർ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷന് അനുവദിച്ച് നൽകി ഇൻഡോർ കോടതി. ഇൻഡോർ നഗരത്തിന്റെ മധ്യഭാഗത്ത് ലാൽബാഗിന് സമീപത്തെ കർബല ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിലാണ് മുനിസിപ്പൽ കോർപ്പറേഷന് അനുകൂലമായി കോടതി വിധി പുറപ്പെടുവിച്ചത്.Municipal 

വഖഫ് ബോർഡിന്റെ അവകാശവാദം തള്ളിയ കോടതി മുനിസിപ്പൽ കോർപ്പറേഷനെ തർക്കഭൂമിയുടെ യഥാർഥ ഉടമയായി പ്രഖ്യാപിച്ചു. കീഴ്ക്കോടതിയുടെ മുമ്പത്തെ വിധി റദ്ദാക്കിയതായും 15- ാമത് ജില്ലാ കോടതി ജഡ്ജി നർസിങ് ബാഗേൽ വ്യക്തമാക്കി.

2019ൽ കീഴ്ക്കോടതി വഖഫ് ബോർഡിന് അനുകൂലമായ വിധിയാണ് പുറപ്പെടുവിച്ചിരുന്നത്. ഇതിനെതിരെ ഇൻഡോർ മുനിസിപ്പിൽ കോർപ്പറേഷൻ അപ്പീൽ നൽകുകയായിരുന്നു. ബിജെപിയാണ് കോർപ്പറേഷൻ ഭരിക്കുന്നത്.

തർക്കഭൂമി മുനിസിപ്പൽ കോർപ്പറേഷന്റേതാണെന്നും സരസ്വതി നദിക്ക് സമീപത്തെ ചെറിയൊരു പ്രദേശത്ത് മാത്രം മുഹറം സമയത്ത് മതപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നുവെന്നുമാണ് കോർപ്പറഷന്റെ വാദം. എതിർഭാഗം ഈ ഭൂമി കൈയേറുകയാണെന്നും ഇവർ കോടതിയിൽ വാദിച്ചു.

അതേസമയം, പാഞ്ച് മുസ്‍ലിം കർബല കമ്മിറ്റി, വഖഫ് ബോർഡ് എന്നിവ ഈ വാദത്തെ എതിർത്തു. മതപരമായ ആവശ്യങ്ങൾക്ക് വേണ്ടി 150 വർഷം മുമ്പ് ഇൻഡോറിലെ ഭരണാധികാരികൾ മുസ്‍ലിം സമുദായത്തിന് ഈ ഭൂമി വിട്ടുനൽകുകയായിരുന്നുവെന്ന് ഇവർ വാദിച്ചു. 1984 ജനുവരി 29ന് ഈ ഭൂമി വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കി.

എന്നാൽ, ഭൂമിയുടെ ഉടമസ്ഥാവവകാശം ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ വിജയകരമായി തെളിയിച്ചുവെന്ന് കോടതി പറയുന്നു. അനധികൃത നിർമാണം നടത്തി സ്ഥലം കൈയേറാനാണ് എതിർഭാഗം ശ്രമിക്കുന്നത്. കഴിഞ്ഞ 150 വർഷമായി മുഹറം സമയത്ത് മതപരമായ ചടങ്ങുകൾക്ക് മുസ്‍ലിം വിഭാഗം ഭൂമിയുടെ ഒരു ഭാഗം ഉപയോഗിക്കുന്നുണ്ടെന്നും എന്നാൽ, ഭൂമി തങ്ങളുടേതാണെന്ന് തെളിയിക്കുന്നതിൽ എതിർഭാഗം പരാജയപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *