യമനിൽ റമദാൻ ധനസഹായ വിതരണത്തിനിടെ 85 മരണം, നിരവധിപ്പേർക്ക് പരിക്ക്

സന:ഹൂതി നിയന്ത്രണത്തിലുള്ള സൻആയിലെ ഒരു സർക്കാർ സ്‌കൂളില്‍ ഇന്നലെ രാത്രിയാണ് സംഭവം. റമദാനിന്റെ അവസാനദിനങ്ങളിലുള്ള ധനസഹായ വിതരണത്തിനിടെയാണ് വൻദുരന്തമുണ്ടായത്. നൂറുകണക്കിന് ആളുകൾ സൗജന്യ വിതരണം സ്വീകരിക്കാൻ തടിച്ചുകൂടിയിരുന്നു.
യുദ്ധബാധിതമായ യെമനിൽ വ്യാഴാഴ്ച സൗജന്യ വിതരണ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 80-ലധികം ആളുകൾ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈദുൽ ഫിത്തറിന് മുമ്പേ നടത്തിയ സൗജന്യ വിതരണത്തിനാണ് ആളുകൾ ഇരച്ചെത്തിയത്. ഏകദേശം 322 പേർക്ക് പരിക്കേറ്റതായി ഹൂതി സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഒരു ചാരിറ്റി സംഘടനയാണ് ദരിദ്രർക്ക് ധനസഹായം വിതരണം ചെയ്തത്. സഹായം സ്വീകരിക്കാനായി ആയിരക്കണക്കിനുപേരാണ് സ്‌കൂളിലേക്ക് എത്തിയത്. തിരക്ക് നിയന്ത്രിക്കാനായി ഹൂതി സൈന്യം ആകാശത്തേക്ക് വെടിയുതിർത്തതാണ് ദുരന്തത്തിനിടയാക്കിയതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിവച്ചത് വൈദ്യുതി ലൈനിൽ തട്ടി പൊട്ടിത്തെറിച്ചു. സ്‌ഫോടനശബ്ദം കേട്ട് പരിഭ്രാന്തരായി ജനം ചിതറിയോടുകയായിരുന്നു. വീഡിയോയിൽ മൃതദേഹങ്ങൾ ഒന്നിച്ചുകൂട്ടിയിരിക്കുന്നതും സാധനങ്ങൾക്കായി ആളുകൾ പരസ്പരം മത്സരിക്കുന്നതും കാണാം. സുരക്ഷാ ഉദ്യേ​ഗസ്ഥർ തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മരിച്ചവരെയും പരിക്കേറ്റവരെയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

സൗജന്യ വിതരണത്തിന് ഉത്തരവാദികളായവരെ കസ്റ്റഡിയിലെടുത്തതായി വാർത്താ ഏജൻസിയായ സബ റിപ്പോർട്ട് ചെയ്തു. പണമുൾപ്പെടെയാണ് വിതരണം ചെയ്തിരുന്നത്. സംഭവം അന്വേഷിക്കാൻ കമ്മിറ്റി രൂപീകരിച്ചതായി ഹൂതി രാഷ്ട്രീയ മേധാവി മഹ്ദി അൽ മഷാത്ത് പറഞ്ഞു. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി ഹൂതി സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *