സംസ്ഥാന ബജറ്റ് ഇന്ന്; ഊന്നല്‍ അധിക വിഭവ സമാഹരണത്തിന്; ക്ഷേമപെന്‍ഷന്‍ കൂട്ടിയേക്കുമെന്ന് പ്രതീക്ഷ

സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അധിക വിഭവ സമാഹരണത്തിനുള്ള നിര്‍ദേശങ്ങള്‍ക്കായിരിക്കും ഈ ബജറ്റിലെ ഊന്നല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ക്ഷേമ പദ്ധതികളും ബജറ്റില്‍ ഇടംപിടിക്കും. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷ.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ഗഡു ക്ഷാമബത്ത പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. കെട്ടിട നിര്‍മാണ മേഖലയിലെ മാന്ദ്യം നേരിടാനുള്ള പാക്കേജും ബജറ്റിലുണ്ടാകുമെന്നാണ് സൂചന. നികുതി ഭാരം അടിച്ചേല്‍പ്പിക്കില്ലെന്നും എന്നാല്‍ നികുതി പിരിവ് കാര്യക്ഷമമാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ 9 മണിയോടെയാണ് ബജറ്റ് അവതരണം ആരംഭിക്കുക.



റബ്ബറിന്റെ താങ്ങുവിലയില്‍ വര്‍ധന ഉണ്ടാകുമെന്നാണ് റബ്ബര്‍ കര്‍ഷകരുടെ പ്രതീക്ഷ. ശമ്പള, പെന്‍ഷന്‍ കുടിശ്ശിക നല്‍കാനുള്ള പ്രഖ്യാപനവും ബജറ്റില്‍

ഉണ്ടായേക്കും. മന്ത്രി കെ. എന്‍ ബാലഗോപാലിന്റെ നാലാമത്തെ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. നെല്ലുസംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാനുള്ള നിര്‍ദേശങ്ങളും പ്രഖ്യാപനങ്ങളും ഈ ബജറ്റില്‍ ഉണ്ടാകുമെന്ന് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *