കോഴിക്കോട് പുഴയരികിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി
കോഴിക്കോട്: പേരാമ്പ്രയിൽ അഞ്ച് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൈതേരി റോഡിൽ തോട്ടത്താങ്കണ്ടി പുഴയരികിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്.
പശുവിനെ പുല്ല് തീറ്റിക്കുന്നതിനിടെ പരിസരവാസിയാണ് പുഴയരികിലെ പുറമ്പോക്ക് ഭൂമിയിൽ പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ ബോംബുകൾ കണ്ടത്.
പേരാമ്പ്ര പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പയ്യോളിയിൽ നിന്ന് ബോംബ് സ്ക്വാഡെത്തി ബോംബുകൾ കസ്റ്റഡിയിലെടുത്തു. തുടർന്ന് സമീപത്തെ ക്വാറിയിൽ വച്ച് ബോംബുകൾ നിർവീര്യമാക്കി.
ബോംബുകൾ പുതിയതും ഉഗ്ര സ്ഫോടന ശേഷിയുള്ളതായിരുന്നുവെന്ന് ബോംബ് സ്ക്വാഡ് അറിയിച്ചു. ആരാണ് ഇവിടെ വച്ചതെന്ന് വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പേരാമ്പ്ര പൊലീസ് അറിയിച്ചു.