നടുവൊടിക്കും ബജറ്റ്; ഇന്ധനവില കൂടും, ഭൂമി ന്യായവിലയിൽ 20 % വർധന; മോട്ടോർ വാഹന നികുതിയും കെട്ടിട നികുതിയും കൂട്ടി

തിരുവനന്തപുരം: പ്രതിസന്ധിയുടെ കാലത്ത് ജനജീവിതം കൂടുതൽ ദുരിതപൂർണമാക്കി സംസ്ഥാന ബജറ്റ്. നികുതികൾ വർധിപ്പിച്ച് അധിക വിഭവസമാഹരണം ലക്ഷ്യമിടുന്ന ബജറ്റിലൂടെ ജനങ്ങളുടെ മേൽ അധിക ബാധ്യതയാണ് സർക്കാർ കെട്ടിവെക്കുന്നത്. പെട്രോളിനും ഡീസലിനും രണ്ട് രൂപയുടെ സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്തുന്നത് ജനങ്ങൾക്ക് പ്രതിസന്ധിയുണ്ടാക്കുന്ന തീരുമാനമാണ്. ഇതിലൂടെ സംസ്ഥാനത്ത് വിലക്കയറ്റമുണ്ടാകുമെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

ഭൂമിയുടെ ന്യായവിലയും 20 ശതമാനം വർധിപ്പിച്ചു. മോട്ടോർവാഹന നികുതിയും കെട്ടിടനികുതിയും വർധിപ്പിച്ചു. വിവിധ കോടതി വ്യവഹാരങ്ങളുടെ ചിലവും ഉയരും. ഫ്ലാറ്റുകളുടേയും അപ്പാർട്ട്മെന്റുകളുടേയും രജിസ്ട്രേഷൻ ചെലവും വർധിക്കും. മോട്ടോർ വാഹന ഒറ്റനികുതി വർധിപ്പിച്ചതിലൂടെ വാഹന വിലയും ഉയരും.

സാമൂഹിക സുരക്ഷ പെൻഷനിൽ വർധനവ് വരുത്തിയില്ലെന്നത് നിരാശജനകമാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്. കിഫ്ബി വഴി പുതിയ പദ്ധതികളുടെ പ്രഖ്യാപനവും സർക്കാർ നടത്തിയിട്ടില്ല. അടിസ്ഥാന സൗകര്യ വികസനമേഖലയിലും പുതിയ പദ്ധതികളില്ല. കെ.എസ്.ആർ.ടി.സി ഉൾപ്പടെ വൻ പ്രതിസന്ധി അഭിമുഖീകരിക്കുന്ന സ്ഥാപനങ്ങൾക്കും കാര്യമായ നീക്കിയിരിപ്പില്ല. കർശന നടപടികളിലേക്ക് നീങ്ങിയില്ലെങ്കിൽ കേരളത്തിൽ ശ്രീലങ്കയും പാകിസ്താനും ആവർത്തിക്കുമെന്നാണ് ധനമന്ത്രിയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *