ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് തുടരുന്നു

ഡല്‍ഹി: മുബൈയിലെയും ഡൽഹിയിലെയും ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന തുടരുന്നു. ഇന്നലെ ഓഫീസിൽ എത്തിയ ബിബിസിയുടെ ചില മാധ്യമപ്രവര്‍ത്തകര്‍ ഓഫീസുകളിൽ തുടരുകയാണ്. ഇന്ത്യയിലെ പ്രവർത്തനങ്ങൾ പഴയപടി തന്നെ മുൻപോട്ട് പോകുമെന്നും പ്രേക്ഷകർക്കായി മാധ്യമപ്രവർത്തനം തുടരുമെന്നും ബിബിസി അറിയിച്ചു.

ഇന്നലെ രാവിലെ 11.30ഓടെയാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന്റെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്. അന്താരാഷ്ട്ര നികുതികളിൽ ഉൾപ്പെടെ ക്രമക്കേടുണ്ടെന്ന പരാതികളിലാണ് റെയ്ഡ്. എന്നാൽ ഓഫീസുകളിലേത് പരിശോധനയല്ല സർവേയാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇന്നലെ മാധ്യമ പ്രവർത്തകരുടെ ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ പിടിച്ചെടുത്തിരുന്നു.

പരിശോധനയെ വിമർശിച്ച് പ്രതിപക്ഷവും എഡിറ്റേഴ്‌സ് ഗിൽഡും രംഗത്തെത്തി. ഭരണകൂടത്തെ വിമർശിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേന്ദ്രം സ്വീകരിക്കുന്ന സമീപനത്തിൽ ആശങ്കയുണ്ടെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് പ്രതികരിച്ചു. ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി പുറത്തിറക്കിയതിന്റെ പ്രതികാര നടപടിയാണ് പരിശോധനയെന്ന് പ്രതിപക്ഷ പാർട്ടികളും മുതിർന്ന മാധ്യമപ്രവർത്തകരും ആരോപിച്ചു. അദാനി വിഷയത്തിൽ വലിയ പ്രതിഷേധം നടക്കുമ്പോഴും സർക്കാർ ബിബിസിയുടെ പിന്നാലെയാണെന്നും വിനാശകാലേ വിപരീത ബുദ്ധിയെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പരിഹസിച്ചു.

പരിശോധനക്കെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവർ രംഗത്ത് എത്തി. പരിശോധനയുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അതേസമയം പരിശോധനയെ പിന്തുണച്ച് ബി.ജെ.പി രംഗത്ത് എത്തി. ആരും നിയമത്തിന് അതീതരല്ലെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ പറഞ്ഞു. ബിബിസി അഴിമതി കോർപ്പറേഷനാണെന്നായിരുന്നു ബി.ജെ.പി വക്താവ് സൗരവ് ഭാട്ടിയയുടെ പ്രതികരണം. ബിബിസി ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

One thought on “ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് തുടരുന്നു

Leave a Reply

Your email address will not be published. Required fields are marked *