എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ വീണ്ടും റദ്ദാക്കി

Air India Express

കൊച്ചി: ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ വീണ്ടും റദ്ദാക്കി. നെടുമ്പാശ്ശേരി , കണ്ണൂർ,കരിപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളാണ് റദ്ദാക്കിയത് . നെടുമ്പാശ്ശേരിയിൽ നിന്ന് രാവിലെ 8.35ന് പുറപ്പെടേണ്ട ദമാം സർവീസ്, 8.50 ന് പുറപ്പെടേണ്ട മസ്കത്ത് സർവീസ് , കണ്ണൂരിൽ നിന്ന് ഷാർജ, ദുബായ്, ദമാം, റിയാദ്, അബുദാബി, റാസൽ ഖൈമ, മസ്കറ്റ്, ദോഹ സർവീസുകളുമാണ് റദ്ദാക്കിയത്. കരിപ്പൂരിൽ നിന്നും അഞ്ച് സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.Air India Express

കഴിഞ്ഞ ദിവസമാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരം പിൻവലിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്‍റും ജീവനക്കാരും തമ്മിൽ ഒത്തുതീർപ്പിലെത്തിയതോടെയാണ് സമരം അവസാനിപ്പിച്ചത്. പിരിച്ചുവിട്ട എല്ലാവരെയും തിരിച്ചെടുക്കാമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് തൊഴിലാളി യൂണിയന് ഉറപ്പ് നൽകിയിരുന്നു. ജീവനക്കാർ ഉയർത്തിയ പ്രശ്‌നങ്ങൾ പരിശോധിക്കുമെന്നും കമ്പനി ഉറപ്പു നൽകി. ഇതോടെ സമരം പിൻവലിക്കാമെന്ന് തൊഴിലാളി യൂനിയനും അറിയിക്കുകയായിരുന്നു.

വ്യാഴാഴ്ച ഡൽഹിയിൽ റീജ്യനൽ ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ മാനേജ്മെന്‍റ് പ്രതിനിധികളും എയർ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂനിയൻ പ്രതിനിധികളും നടത്തിയ യോഗത്തിലാണ് സമവായമുണ്ടായത്. സമരം അവസാനിപ്പിച്ച സാഹചര്യത്തിൽ, ഇതിനോടകം അവധിയെടുത്തവർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കി ഉടൻ ജോലിയിൽ പ്രവേശിക്കും. അതേസമയം, മേയ് 28ന് സെൻട്രൽ ലേബർ കമ്മീഷന്റെ നേതൃത്വത്തിൽ വീണ്ടും ചർച്ച നടത്താനും തീരുമാനമായി. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ മാനേജ്മെന്റ് പ്രതിനിധികളും യൂണിയനും ഒപ്പുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *