ഉന്നത വിദ്യാഭ്യാസരംഗത്തെ പുതിയ സാധ്യതകളിലേക്ക് ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികളെ കൈപിടിച്ച് കൊണ്ടുവരേണ്ടതുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു
തിരുവമ്പാടി: കാലത്തിനനുയോജ്യമായ കോഴ്സുകൾ നൽകി ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസരംഗത്തെ ഏറ്റവും പുതിയ സാധ്യതകളിലേക്ക് കൈപിടിച്ച് കൊണ്ടുവരേണ്ടതുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന തിരുവമ്പാടി കോളേജ് ഓഫ് അപ്ലൈഡ് സയൻസിനു വേണ്ടി തോട്ടക്കാട് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഗ്രാമങ്ങളിലും മലയോര പ്രദേശങ്ങളിലുമുള്ള കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യം നൽകി കൊണ്ട് സാമൂഹിക നീതി സങ്കല്പങ്ങൾ പൂർണമായും സാക്ഷാത്കരിക്കണമെന്നുള്ളതാണ് സർക്കാരിന്റെ ലക്ഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും ആത്മവിശ്വാസത്തോടെ അവർ കടന്നുചെല്ലണമെന്നും മന്ത്രി പറഞ്ഞു.
തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവുകൾ നികത്തുന്നതിന് ഐഎച്ച്ആർഡി സ്ഥാപനങ്ങളിൽ സ്കിൽ ഡെവലപ്മെൻറ് കോഴ്സുകൾ ആരംഭിക്കേണ്ടതുണ്ട്. തൊഴിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ വിവിധങ്ങളായ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവമ്പാടി കോളേജ് ഓഫ് അപ്ലൈഡ് സയൻസിന്റെ പുരോഗതിക്കു വേണ്ടി പ്രവർത്തിച്ച മുഴുവൻപേരെയും മന്ത്രി അഭിനന്ദിച്ചു.
ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷനായിരുന്ന ചടങ്ങിൽ മുൻ എം.എൽ.എ ജോർജ്ജ് എം. തോമസ് മുഖ്യാതിഥി ആയിരുന്നു. കാരശ്ശേരി
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി സ്മിത, വൈസ് പ്രസിഡൻ്റ് എടത്തിൽ ആമിന, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.പി ജമീല ,കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജിത മൂത്തേടത്ത്, കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ സുകുമാരൻ, ഐഎച്ച്ആർഡി ഡയറക്ടർ ഡോ. പി.സുരേഷ് കുമാർ, തിരുവമ്പാടി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പ്രിൻസിപ്പൽ സജീവ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജിജിത സുരേഷ്,ശാന്താദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ ശിവദാസൻ, ഷാജി കെ പി, വിവിധ രാഷ്ട്രീയ പാർട്ടിയെ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.