ഹരിപ്പാട് പേവിഷബാധയേറ്റ് മരിച്ച എട്ട് വയസുകാരന് ചികിത്സ നിഷേധിച്ചെന്ന് പരാതി

rabies

ആലപ്പുഴ: ഹരിപ്പാട് പേവിഷബാധയേറ്റു മരിച്ച കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് കുടുംബത്തിന്റെ പരാതി. എട്ടു വയസുകാരനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടും വേണ്ട ചികിത്സ നൽകിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപു- രാധിക ദമ്പതികളുടെ മകൻ ദേവനാരായണനാണ് മരിച്ചത്.rabies

നായ ആക്രമിച്ചുവെന്ന് പറഞ്ഞിട്ടും കുത്തിവെപ്പ് എടുത്തില്ല. ഡോക്ടർമാർ ഗുരുതര അനാസ്ഥ കാണിച്ചെന്നും കുടുംബം ആരോപിച്ചു. ഇന്നലെയാണ് പേവിഷ ബാധിച്ച എട്ടു വയസുകാരൻ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ മരിച്ചത്. പേവിഷബാധ മൂർച്ഛിച്ചായിരുന്നു മരണം.

ഏപ്രിൽ 21നാണ് കുട്ടിക്ക് നായയുടെ കടിയേൽക്കുന്നത്. തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മുറിവിനുള്ള മരുന്ന് വച്ച് വിട്ടയച്ചെന്ന് കുടുംബം പറയുന്നു. കുറച്ചുദിവസത്തിനു ശേഷം കുട്ടിക്ക് ശ്വാസതടസമടക്കമുള്ള പ്രയാസങ്ങൾ ഉണ്ടാവുകയും ഇന്നലെ മരിക്കുകയുമായിരുന്നു.

ഇതിനിടെ പേവിഷബാധയേറ്റ് പ്രദേശത്ത് ഒരു പശു ചത്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടിക്കും പേവിഷബാധയേറ്റിട്ടുണ്ടാകുമെന്ന് കുടുംബം ചൂണ്ടിക്കാണ്ടിയിട്ടും ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചെന്നാണ് ആരോപണം. എന്നാൽ നായ ആക്രമിച്ചെന്ന കാര്യം കുടുംബം പറഞ്ഞിട്ടില്ലെന്നും വീണു പരിക്കേറ്റു എന്നാണ് പറഞ്ഞതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ നിയമനടപടിക്കൊരുങ്ങുകയാണെന്ന് കുടുംബം അറിയിച്ചു.

മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുട്ടിയെ നായ ആക്രമിച്ചതെന്ന് പ്രദേശവാസിയായ രഞ്ജിത്ത് പറഞ്ഞു. ‘ഉടൻ തന്നെ കുട്ടിയെയും കൊണ്ട് മുത്തശ്ശി ആശുപത്രിയിൽ പോയി. പട്ടിയോടിക്കുകയും വീണുപരിക്കേറ്റെന്നും പറഞ്ഞതോടെ കൈയിലെ മുറിവിന് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. പിറ്റേദിവസവും പോയെങ്കിലും നായ ആക്രമിച്ചുള്ള പരിക്കിന് ചികിത്സ നൽകിയിരുന്നില്ല. പ്രതിരോധ വാക്‌സിനെ സംബന്ധിച്ച് ഒന്നും പറഞ്ഞില്ല. മുറിവിനുള്ള സാധാരണ മരുന്ന് നൽകി വിടുകയാണുണ്ടായത്’- രഞ്ജിത്ത് പറഞ്ഞു.

‘കുറച്ചുദിവസം കഴിഞ്ഞ് കുട്ടി ചില അസ്വസ്ഥതകൾ കാണിക്കുകയും അസഹ്യമായ വയറുവേദനയും ശരീരവേദനയുമുൾപ്പെടെ ഉണ്ടാവുകയും ചെയ്തതോടെ തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി വീട്ടിലേക്കെത്തി. പിറ്റേദിവസം രാവിലെ കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി’.

തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ നിർദേശ പ്രകാരം ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് പോവുകയായിരുന്നു. വഴിമധ്യേ പേവിഷബാധയുടെ ലക്ഷണങ്ങൾ വർധിച്ചെന്നും വായിൽനിന്ന് നുരയും പതയും വർധിച്ചെന്നും അധികം താമസിയാതെ മരണത്തിന് കീഴടങ്ങിയെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *