ഇവിഎം ഹാക്ക് ചെയ്യപ്പെടാമെന്ന് മസ്‌ക്; ഇന്ത്യയിലെ ഇവിഎമ്മുകളില്‍ ക്രമക്കേട് നടക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ അട്ടിമറി സ്‌പേസ് എക്‌സ്, ടെസ്ല സിഇഒ ഇലോണ്‍ മസ്‌കും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറും തമ്മില്‍ ഏറ്റുമുട്ടല്‍. ഇവിഎം ഹാക്ക് ചെയ്യപ്പെടാമെന്നും, ഉപയോഗം റദ്ദാക്കണമെന്നും ഇലോണ്‍ മസ്‌ക്. ഇന്ത്യയിലെ ഇവിഎമ്മുകളില്‍ ക്രമക്കേട് നടക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇലോണ്‍ മസ്‌കിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധിയും, അഖിലേഷ് യാദവും രംഗത്തെത്തി.
യുണൈറ്റഡ് സ്റ്റേറ്റ്സ് തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇലോണ്‍ മസ്‌ക്, ഇവിഎമ്മുകളില്‍ മനുഷ്യരായി സാങ്കേതിക വിദ്യയാലോ അട്ടിമറി നടത്താന്‍ സാധ്യതയുണ്ടെന്നും, അതിനാല്‍ അവയുടെ ഉപയോഗം നിര്‍ത്തണമെന്നും സമൂഹമാധ്യമമായ എക്‌സിലുടെ പ്രതികരിച്ചത്. ഇലോണ്‍ മസ്‌കിന്റേത് പൊതു സാങ്കേതികവല്‍ക്കരണമാണെന്നും ഇന്ത്യയിലെ ഇവിഎമ്മുകളില്‍ അട്ടിമറി സാധ്യമല്ലെന്നും ഇലോണ്‍ മസ്‌കിന് ടൂട്ടോറിയല്‍ നല്‍കാന്‍ തയ്യാറെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
എന്തും ഹാക് ചെയ്യാമെന്ന ഇലോണ്‍ മാസ്‌കിന്റെ പ്രതികരണത്തിന് വിയോജിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്നാണ് രാജീവ് ചന്ദ്ര ശേഖറിന്റെ മറുപടി. ഇലോണ്‍ മസ്‌കിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി രംഗത്ത് വന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ലോകത്തെ അറിയപ്പെടുന്ന സാങ്കേതിക വിദഗ്ധര്‍ അട്ടിമറി സാധ്യതകളെ കുറിച്ച് പറയുമ്പോള്‍ ഇവിഎമ്മുകള്‍ ഉപയോഗിക്കണമെന്ന വാശിക്ക് പിന്നിലെ കാരണം എന്താണെന്ന് ബിജെപി വ്യക്തമാക്കണമെന്നും വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളും ബാലറ്റ് പേപ്പറിലൂടെ നടത്തണമെന്നും അഖിലേഷ് യാദവ് പ്രതികരിച്ചു.