1000 വീടുകളുടെ പൂർത്തീകരണവും 500 വീടുകളുടെ പ്രഖ്യാപനവുമായി പീപ്പിൾസ് ഫൗണ്ടേഷൻ
പെരിന്തൽമണ്ണ: ജനകീയ പദ്ധതിയിലൂടെ പീപ്പിൾസ് ഫൗണ്ടേഷൻ 2016 മുതൽ 1000 വീടുകൾ പൂർത്തീകരിച്ചതിന്റെയും അടുത്ത നാല് വർഷത്തിനകം പുതിയ 500 വീടുകൾ നിർമിച്ചുനൽകുന്നതിന്റെയും പ്രഖ്യാപനം പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിൽ നടത്തി. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീർ പി. മുജീബ് റഹ്മാൻ പൂർത്തിയാക്കിയ വീടുകളുടെ പ്രഖ്യാപനവും മലപ്പുറം അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് (എ.ഡി.എം) എൻ.എം. മെഹറലി പൂർത്തിയാക്കാനുള്ള 500 വീടുകളുടെ പ്രഖ്യാപനവും നിർവഹിച്ചു.
പങ്കുവെപ്പിലൂടെയും തിരിച്ചറിവിലൂടെയും കേരളീയസമൂഹത്തെ ചേർത്തുനിർത്തുന്ന വലിയ ദൗത്യമാണ് കുറഞ്ഞ കാലത്തിനകം പീപ്പിൾസ് ഫൗണ്ടേഷൻ നിർവഹിച്ചതെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് പി. മുജീബ് റഹ്മാൻ പറഞ്ഞു. ഒറ്റമുറി വീട് സ്വപ്നം കാണാൻപോലും കഴിയാത്തവർക്കാണ് ഫൗണ്ടേഷൻ വീട് നിർമിച്ചുനൽകിയത്. കേരളീയസമൂഹം പൊതുവെ മധ്യവർഗക്കാരാണെങ്കിലും ഇവിടത്തെ ചേരികളെയും മലയോര, തീരദേശ മേഖലകളെയും അടുത്തറിഞ്ഞാൽ ഈ ധാരണ മാറ്റേണ്ടിവരും. ഇവിടെ ജീവിച്ചു എന്നതിനെക്കാൾ അതിന്റെ അടയാളപ്പെടുത്തൽ ഉണ്ടാവണം. അത്തരത്തിലുള്ള കൂട്ടായ മുന്നേറ്റമാണ് പീപ്പിൾസ് ഫൗണ്ടേഷൻ സാധ്യമാക്കിയത്. ലഹരിയുടെ കെടുതിയിൽപെട്ടവർക്ക് മോചനമായി പീപ്പിൾസ് റിഹാബിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
പുതിയ 500 വീടുകളുടെകൂടി നിർമാണത്തോടെ ഈ സംരംഭം അവസാനിപ്പിക്കരുതെന്ന് എൻ.എം. മെഹറലി ആവശ്യപ്പെട്ടു. 2018ഓടെ കേരളം പ്രകൃതിദുരന്തങ്ങളുടെ ജാഗ്രതയിലാണ്. ഓരോ വർഷവും ചെറുതും വലുതുമായ ദുരന്തങ്ങളുണ്ടായി. അടിസ്ഥാനാവശ്യങ്ങൾ മുഴുവൻ പരിഹരിക്കാൻ പലപ്പോഴും സർക്കാർ സംവിധാനങ്ങൾക്കുമാത്രം കഴിയില്ല. മുന്നിൽ വരുന്നവരെ പലപ്പോഴും നിരാശയോടെയാണ് മടക്കിഅയക്കേണ്ടി വരാറ്. അത്തരം ഘട്ടങ്ങളിൽ പീപ്പിൾസ് ഫൗണ്ടേഷനെപോലുള്ള കൂട്ടായ്മകളുടെ പ്രവർത്തനം വലിയ മുതൽക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. വേങ്ങൂരിൽ പൂർത്തിയാക്കിയ വീടുകളുടെ ഉടമസ്ഥാവകാശരേഖ നജാത്തുല്ലക്ക് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ കൈമാറി. 500 വീട് പ്രോജക്ടിലേക്ക് ആദ്യഫണ്ട് ഹൈദരലി ശാന്തപുരം പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം. അബ്ദുൽ മജീദിനും കുറുവ പാങ്ങിൽ നിർമിക്കുന്ന പീപ്പിൾസ് ഹോം പദ്ധതിയിലേക്കുള്ള വിഹിതം കിംസ് അൽശിഫ വൈസ് ചെയർമാനും എക്സിക്യൂട്ടിവ് ഡയറക്ടറുമായ ഡോ. പി. ഉണ്ണീൻ നിർമാണ കമ്മിറ്റി ചെയർമാൻ അബ്ദുറഹ്മാൻ കണക്കയിലിനും നൽകി.
മലപ്പുറം ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് കെ.വി. അൻവർ, സഫ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ സലാം മേലാറ്റൂർ, ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡന്റ് സലീം മമ്പാട്, വനിത വിഭാഗം ജില്ല പ്രസിഡന്റ് ഫാത്തിമ ടീച്ചർ എന്നിവർ സംസാരിച്ചു. എ.ടി. ഷറഫുദ്ദീൻ സ്വാഗതവും കെ.പി. അബൂബക്കർ നന്ദിയും പറഞ്ഞു. ആസാദ് അബ്ദുൽ ജബ്ബാർ ഖിറാഅത്ത് നടത്തി. ഗായിക സിദ്റത്തുൽ മുൻതഹ ഗാനമാലപിച്ചു.