ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ; ഖത്തർ എയർവേസിന്റെ തട്ട് താണ് തന്നെ
ദോഹ: സ്‌കൈട്രാക്‌സ് വേൾഡ് എയർലൈൻ അവാർഡിൽ ഖത്തർ എയർവേസിന് നേട്ടം. മികച്ച എയർലൈനായി ഖത്തർ എയർവേസിനെ തെരഞ്ഞെടുത്തു. എട്ടാം തവണയാണ് ഖത്തർ വിമാനക്കമ്പനി ഈ നേട്ടം സ്വന്തമാക്കുന്നത്. ലണ്ടനിൽ നടന്ന ചടങ്ങിലാണ് ഖത്തർ എയർവേസിനെ ലോകത്തെ ഏറ്റവും മികച്ച എയർലൈനായി തെരഞ്ഞെടുത്തത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സിംഗപ്പൂർ എയർലൈനിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് നേട്ടം. എമിറേറ്റ്‌സാണ് മൂന്നാം സ്ഥാനത്ത്. ലോകത്തെ മികച്ച ബിസിനസ് ക്ലാസ്, ബിസിനസ് ക്ലാസ് ലോഞ്ച് പുരസ്‌കാരങ്ങളും ഖത്തർ എയർവേസിനാണ്.Qatar Airways
ബിസിനസ് ക്ലാസിനുള്ള പുരസ്‌കാരം 11ാം തവണയും ബിസിനസ് ക്ലാസ് ലോഞ്ചിനുള്ള പുരസ്‌കാരം ആറാം തവണയുമാണ് സ്വന്തമാക്കുന്നത്. മിഡിലീസ്റ്റിലെ മികച്ച വിമാനക്കമ്പനിക്കുള്ള പുരസ്‌കാരവും ഖത്തർ എയർവേസ് നിലനിർത്തി. 12ാം തവണയാണ് ഈ നേട്ടം തേടിയെത്തുന്നത്. നേരത്തെ മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരം ഹമദ് വിമാനത്താവളം സ്വന്തമാക്കിയിരുന്നു.മികച്ച ഷോപ്പിങ് സൗകര്യമുള്ള വിമാത്താവളവും ഹമദ് അന്താരാഷ്ട്ര വിമാനത്താവളമാണ്. ഈ മൂന്ന് നേട്ടങ്ങളും ഒരേ വർഷം സ്വന്തമാക്കുന്ന ആദ്യ കമ്പനിയാണ് ഖത്തർ എയർവേസ്.
യാത്രക്കാർ മികച്ച സേവനം നൽകുന്നതിലുള്ള അർപ്പണവും തുടർച്ചയായി നവീകരിക്കപ്പെടുന്നതുമാണ് ഖത്തർ എയർവേസിനെ നേട്ടത്തിന് അർഹരാക്കിയതെന്ന് ഗ്രൂപ്പ് സിഇഒ എഞ്ചിനീയർ ബദർ അൽമീർ പറഞ്ഞു. ലോകത്തെമ്പാടുമുള്ള 350 വിമാനക്കമ്പനികളിൽ നിന്നാണ് ഖത്തർ എയർവേസ് ഒന്നാമതെത്തിയത്. ഓൺലൈൻ വഴി നടന്ന വോട്ടെടുപ്പിൽ 100 ലേറെ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് പങ്കെടുത്തത്.