താത്ക്കാലിക ജാമ്യം ലഭിച്ചില്ല; സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതെ അമൃത്പാൽ സിങ്

Amritpal Singh

ഡൽഹി: സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതെ പഞ്ചാബിൽ നിന്നുള്ള ലോക്‌സഭാ അംഗം അമൃത്പാൽ സിങ്. ദേശീയ സുരക്ഷാ നിയമപ്രകാരം തടവിലാക്കപ്പെട്ട് അസമിലെ ജയിലിൽ കഴിയുന്നതിനാലാണ് ഖഡൂർ സാഹിബ് മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അമൃത്പാലിന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കാതെ വന്നത്. അതേസമയം ഇദ്ദേഹത്തിനൊപ്പം തെരഞ്ഞെടുക്കപ്പെട്ട പഞ്ചാബിലെ 12 പേർ എംപിയായി ചുമതലയേറ്റു.Amritpal Singh

എംപിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ജയിലിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിങ് ജൂൺ 11 ന് പഞ്ചാബ് സർക്കാരിന് കത്തെഴുതിയതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നൽ കത്തിനോട് സർക്കാർ ഈ സമയം വരെ പ്രതികരിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ പിതാവ് തർസെം സിങ് പറഞ്ഞു.

കോൺഗ്രസിന്റെ ഗുർജീത് സിംഗ് ഔജ്ല സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം അമൃത്പാൽ സിങ്ങിന്റെ പേര് വിളിച്ചെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. യുഎപിഎ കേസിൽ ഡൽഹി തിഹാർ ജയിലിൽ കഴിയുന്ന ബാരാമുള്ളയിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എഞ്ചിനീയർ റാഷിദിനും സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞില്ല.

ഖലിസ്ഥാൻവാദിയായ അമൃത്പാൽ രണ്ടു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അമൃത്പാലിനെതിരെ 12 ക്രിമിനൽ കേസുകളുണ്ട്. ലഹരി മാഫിയക്കെതിരെ നടപടിയെടുത്തതിനാണ് അറസ്റ്റെന്നാണ് അനുയായികൾ ആരോപിക്കുന്നത്.

മാർച്ച് 18നാണ് ഖലിസ്ഥാൻ അനുകൂലിയും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാൽ സിങ് ഒളിവിൽ പോയത്. പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. 37 ദിവസങ്ങൾക്ക് ശേഷമാണ് പഞ്ചാബിലെ മോഗയിലെ ഗുരുദ്വാരയക്ക് സമീപത്തു നിന്ന് അമൃത്പാലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അനുയായികളെ മോചിപ്പിക്കാൻ പൊലീസ് സ്റ്റേഷൻ ആക്രമിച്ചതടക്കം നിരവധി കേസുകൾ അമൃത്പാൽ സിങ്ങിന്റെ പേരിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *