മധ്യപ്രദേശില്‍ മാസങ്ങള്‍ക്കുമുന്‍പ് മോദി ഉദ്ഘാടനം ചെയ്ത വിമാനത്താവളം ടെര്‍മിനലിന്റെ മേല്‍ക്കൂര നിലംപൊത്തി
ഭോപ്പാല്‍: മധ്യപ്രദേശിലും കോടികള്‍ മുടക്കി നിര്‍മിച്ച ടെര്‍മിനലിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. ജബല്‍പൂരിലെ ധുംന വിമാനത്താവളത്തില്‍ 450 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ടെര്‍മിനലിന്റെ മേല്‍ക്കൂരയാണു നിലംപതിച്ചത്. മാസങ്ങള്‍ക്കു മുന്‍പാണ് ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ അപകടത്തില്‍ തകര്‍ന്നു. ഇന്നു രാവിലെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിക്കുകയും പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.collapsed
ഡല്‍ഹി ദുരന്തത്തിനു പിന്നാലെയാണ് ജബല്‍പൂര്‍ വിമാനത്താവളത്തിലെ അപകടവും ദേശീയശ്രദ്ധയിലെത്തിയത്. ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു. നവീകരിച്ച ടെര്‍മിനലില്‍ യാത്രക്കാര്‍ എത്തുന്ന ഭാഗത്ത് സ്ഥാപിച്ചിരുന്ന മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കനത്ത മഴയില്‍ വെള്ളം നിറഞ്ഞ് മേല്‍ക്കൂര പൊട്ടിവീഴുകയായിരുന്നു.
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന് എത്തിയ കാറിനു മുകളിലേക്കായിരുന്നു മേല്‍ക്കൂര തകര്‍ന്നുവീണത്. കാറിന്റെ മേല്‍ഭാഗം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. അപകടസമയത്ത് ഉദ്യോഗസ്ഥനും ഡ്രൈവറും വിമാനത്താവളത്തിനകത്തായിരുന്നു. മറ്റു യാത്രക്കാരൊന്നും പരിസരത്തുണ്ടായിരുന്നില്ല. വന്‍ ദുരന്തമാണ് ഇതുവഴി ഒഴിവായത്.
അപകടത്തില്‍ പ്രോജക്ട് ഓഫിസറോട് അന്വേഷണത്തിന് ഉത്തരവിട്ടതായി വിമാനത്താവളം ഡയരക്ടര്‍ രാജീവ് രത്ന പാണ്ഡെ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷമായിരുന്നു കോടികള്‍ ചെലവിട്ട് ധുംന വിമാനത്താവളത്തിലെ ടെര്‍മിനല്‍ നിര്‍മിച്ചത്. കഴിഞ്ഞ മാര്‍ച്ച് 10നാണ് ഇതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചത്. ഉദ്ഘാടനത്തിനുശേഷം നടക്കുന്ന ആദ്യത്തെ മഴയില്‍ തന്നെ മേല്‍ക്കൂര നിലംപൊത്തുകയായിരുന്നു.
വിമാനത്താവളത്തിന്റെ പേരു മാറ്റി 16-ാം നൂറ്റാണ്ടിലെ ഗോണ്ട്വന രാജ്ഞിയായിരുന്ന റാണി ദുര്‍ഗാവതിയുടെ പേരുനല്‍കുമെന്ന് അടുത്തിടെ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് പ്രഖ്യാപിച്ചിരുന്നു.