ക്ലബിന്‍റെ മികച്ച ഗോൾ വേട്ടക്കാരനായി എംബാപ്പെ; വലകുലുക്കി മെസ്സിയും; ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിച്ച് പി.എസ്.ജി

ഫ്രഞ്ച് ലീഗ് വണ്ണിൽ ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിച്ച് കരുത്തരായ പാരിസ് സെന്‍റ് ജെർമൻ (പി.എസ്.ജി). നാന്‍റസിനെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് പി.എസ്.ജി വീഴ്ത്തിയത്.

സൂപ്പർതാരം ലയണൽ മെസ്സിയിലൂടെ 12ാം മിനിറ്റിൽ പി.എസ്.ജിയാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. നാന്‍റസിന്‍റെ ഫ്രഞ്ച് താരം ജാവൂൻ ഹദ്ജാമിന്‍റെ ഓൺഗോളിലൂടെ 17ാം മിനിറ്റിൽ പി.എസ്.ജി ലീഡ് ഉയർത്തി. 31ാം മിനിറ്റിൽ ലുഡോവിച് ബ്ലാസ് നാന്‍റസിനായി ഒരു ഗോൾ മടക്കി. 38ാം മിനിറ്റിൽ കാമറൂൺ താരം ഇഗ്നേഷ്യസ് ഗനാഗോയിലൂടെ സന്ദർശകർ ഒപ്പമെത്തി.

എന്നാൽ, രണ്ടാം പകുതിയിൽ ഡാനിലോ പെരേരയിലൂടെ പി.എസ്.ജി വീണ്ടും ലീഡെടുത്തു. ഇൻജുറി ടൈമിൽ (90+2) സൂപ്പർതാരം കിലിയൻ എംബാപ്പെയാണ് ടീമിന്‍റെ നാലാം ഗോൾ നേടിയത്. ഇതോടെ ക്ലബിന്‍റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനെന്ന റെക്കോഡ് 24കാരനായ എംബാപ്പെ സ്വന്തമാക്കി. 201 ഗോളുകൾ. ഉറുഗ്വായ് താരം എഡിസൺ കവാനിയെയാണ് എംബാപ്പെ മറികടന്നത്. 247 മത്സരങ്ങളിലാണ് താരത്തിന്‍റെ നേട്ടം. കവാനി 301 മത്സരങ്ങളിൽനിന്നാണ് 200 ഗോളുകൾ നേടി‍യത്.


പരിക്കേറ്റ ബ്രസീൽ താരം നെയ്മറില്ലാതെയാണ് പി.എസ്.ജി കളത്തിലിറങ്ങിയത്. തകർപ്പൻ ജയത്തോടെ പി.എസ്.ജിയുടെ ലീഡ് 11 ആയി. 26 മത്സരങ്ങളിൽനിന്ന് 63 പോയന്‍റ്. രണ്ടാമതുള്ള ഒളിമ്പിക് മാർസെയിലിന് 25 മത്സരങ്ങളിൽനിന്ന് 52 പോയന്‍റും.

Leave a Reply

Your email address will not be published. Required fields are marked *