‘അതൊരു സ്വപ്ന സാക്ഷാത്കാരം’; ടി 20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജഡേജ
ബാർബഡോസ്: ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ രാജ്യാന്തര ട്വന്റി 20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ക്യാപ്റ്റൻ രോഹിത് ശർമക്കും വിരാട് കോഹ്ലിക്കും പിന്നാലെയാണ് സീനിയർ താരമായ ജഡ്ഡുവും കുട്ടി ക്രിക്കറ്റിനോട് വിടപറയുന്നത്. ട്വന്റി 20 ലോകകകപ്പ് കിരീടം നേടിയ ടീമിൽ ഇടംപിടിക്കാനായത് സ്വപ്നസാക്ഷാത്കാരമാണെന്ന് വിരമിക്കൽ കുറിപ്പിൽ ജഡേജ പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിലെ മറ്റു ഫോർമാറ്റുകളിൽ തുടർന്നും താരം കളിക്കും. ടി 20 ലോകകപ്പുമായി നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് തന്റെ വിരമിക്കൽ പ്രഖ്യാപനം ജഡേജ ഇൻസ്റ്റഗ്രാമിൽ അറിയിച്ചത്.retirement
ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും ഇന്ത്യക്കായി തിളങ്ങിയ ചുരുക്കം താരങ്ങളിലൊരാളാണ് ജഡേജ. ബൗളിങ് ഔൾറൗണ്ടർ എന്ന നിലയിൽ ട്വന്റി 20യിൽ നിർണായക പ്രകടനം പുറത്തെടുത്തിരുന്നു. ഈ ലോകകപ്പിൽ ബോളിങിൽ ഫോമിലേക്കുയരാനായില്ലെങ്കിലും നിർണായക റൺസുമായി പലമത്സരങ്ങളിലും വരവറിയിച്ചു. ഇന്ത്യക്കായി 74 ടി 20 മത്സരങ്ങൾ കളിച്ച ജഡേജ 54 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 515 റൺസും അടിച്ചുകൂട്ടി.