ഹാഥ്റസിൽ മരണസംഖ്യ ഉയരുന്നു; ഏറെയും സ്ത്രീകളും കുട്ടികളും
ഉത്തർപ്രദേശിലെ ഹാഥ്റസിൽ മതചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു. മുഗൾഗർഹി ഗ്രാമത്തിൽ ആൾദൈവം ഭോലെ ബാബ നടത്തിയ ‘സത്സംഗ’ എന്ന മതപരമായ ചടങ്ങിനിടെയാണ് അപകടമുണ്ടായത്. 120 പേർ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരിച്ചവരിൽ ഏറെയും സ്ത്രീകളാണ്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.Hathes
ചടങ്ങ് അവസാനിച്ചതിന് പിന്നാലെ മടങ്ങിപ്പോകുന്നതിനായി ആളുകള്‍ തിരക്കുകൂട്ടിയതാണ് ദുരന്തത്തിന് കാരണം. മരിച്ചവരിൽ കുട്ടികളുമുണ്ട്. പരിക്കേറ്റ നിരവധി പേർ ഇറ്റാ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആഗ്ര എ.ഡി.ജി, അലിഗഢ് കമീഷണർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ചു.
അപകടത്തിൽ ദുഃഖം രേഖപെടുത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉടൻ സംഭവസ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.