മലപ്പുറത്ത് പ്ലസ് വൺ അധിക ബാച്ചിന് ശിപാർശ; മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനം
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് മലപ്പുറത്ത് അധിക ബാച്ച് വേണമെന്ന് ശിപാർശ. വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ച രണ്ടംഗ സമിതിയാണ് അധിക ബാച്ച് ശിപാർശ ചെയ്തത്. സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമായിരിക്കും ബാച്ചുകളുടെ എണ്ണം നിശ്ചയിക്കുക. സപ്ലിമെന്ററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിക്കണമെന്നും ശിപാർശയിലുണ്ട്.Plus One
മലപ്പുറം ആർ.ഡി.ഡി, വിദ്യാഭ്യാസ ജോ. ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് നിയമസഭയിലെത്തി റിപ്പോർട്ട് സമർപ്പിച്ചത്. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി ജൂൺ 25ന് വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് സമിതിയെ നിയോഗിച്ചത്.
മലപ്പുറത്ത് താത്കാലിക ബാച്ച് അനുവദിക്കുമെന്ന് യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. 15 വിദ്യാർഥി സംഘടനകളായിരുന്നു യോഗത്തിൽ പങ്കെടുത്തത്. സമിതിയുടെ റിപ്പോർട്ട് പ്രകാരം തീരുമാനമെടുക്കുമെന്നും ആവശ്യമെങ്കിൽ അധിക ബാച്ചുകൾ സർക്കാർ സ്കൂളുകളിൽ അനുവദിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിരുന്നു.
അതേസമയം, സംസ്ഥാനത്തെ പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷാ കണക്കുകൾ ഇന്നു രാവിലെ പുറത്തുവന്നിരുന്നു. സംസ്ഥാനത്താകെ 57,712 അപേക്ഷകരാണുള്ളത്. മലപ്പുറത്തെ 16,881 അപേക്ഷകരും ഇതിൽ ഉൾപ്പെടും. മലബാറിലെ സീറ്റ് പ്രതിസന്ധി രൂക്ഷമായി തന്നെ തുടരുമെന്നാണ് ഈ കണക്കും വ്യക്തമാക്കുന്നത്.
സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ നൽകാനുള്ള സമയം ഇന്നലെ കഴിഞ്ഞിട്ടും അപേക്ഷകളുടെ കണക്കുകൾ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടിരുന്നില്ല. 16,881 അപേക്ഷകർ മലപ്പുറത്തുണ്ടെങ്കിലും 6,937 സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. അതായത് 9,000ത്തിലധികം സീറ്റുകളുടെ കുറവ്. പുതിയ ബാച്ചുകൾ അനുവദിക്കുകയാണെങ്കിൽ 200ലധികം ബാച്ചുകൾ മലപ്പുറത്ത് മാത്രം അനുവദിക്കേണ്ടി വരും.
തെക്കൻ ജില്ലകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് മലബാറിൽ സീറ്റ് പ്രതിസന്ധി രൂക്ഷമാകുന്നത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. പത്തനംതിട്ടയിൽ 2,609 സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ഇവിടെ 478 സീറ്റുകളിലേക്കേ സപ്ലിമെന്ററി അപേക്ഷകരുള്ളൂ.