‘നെഞ്ചുവേദനയുമായി വന്ന രോഗിക്ക് 12 മണിക്കൂർ ചികിത്സ നിഷേധിച്ചു’; തിരു. മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി കുടുംബം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയതിനെ തുടർന്ന് വയോധിക മരിച്ചതായി ആരോപണം. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിയ രോഗിക്ക് 12 മണിക്കൂറിലധികം ചികിത്സ നൽകിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.കുളത്തൂർ സ്വദേശി ഗിരിജകുമാരിയാണ് മരിച്ചത്.medical college
കഴിഞ്ഞദിവസം ഉച്ചയോടെ നെഞ്ചുവേദനയുമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗിരിജ കുമാരി ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിയ രോഗിയെ ഐസിയുവിൽ പ്രവേശിപ്പിക്കുന്നതിന് പകരം വാർഡിലേക്ക് മാറ്റിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇസിജിയിൽ വ്യത്യാസം കാണിച്ചപ്പോൾ ഡോക്ടർ രക്തപരിശോധനയ്ക്ക് നിർദേശിച്ചു. സാമ്പിളെടുക്കാൻ നഴ്സുമാരോട് ആവശ്യപ്പെട്ടെങ്കിലും പല ന്യായങ്ങൾ പറഞ്ഞ് അവർ ഒഴിഞ്ഞുമാറി.
പിന്നീട് ഡോക്ടർ എത്തി നിർബന്ധപൂർവം സാമ്പിളെടുപ്പിച്ചു. മൂന്ന് മണിയോടെ റിസൽട്ട് വന്നു. അത്യാസന്ന നിലയിൽ ആയിരുന്ന രോഗിയെ 14 മണിക്കൂർ കിടത്തിയത് വാർഡിൽ. പിന്നീട് നാല് മണിയോടെ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. ആരോഗ്യസ്ഥിതി വഷളായിട്ടും ആരും നോക്കാനെത്തിയില്ലെന്ന് കുടുബം പറയുന്നു. അതേസമയം, സംഭവത്തില്‍ ആശുപത്രി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.