അതിശയന്‍ അഭിഷേക്; ഇന്ത്യക്ക് കൂറ്റന്‍ ജയം
ഹരാരേ: ഇന്ത്യൻ ക്രിക്കറ്റിലേക്ക് വരവറിയിച്ച അഭിഷേക് ശർമയുടെ സെഞ്ചുറിക്കരുത്തിൽ സിംബാബ്‍വേക്കെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം. ഇന്ത്യ ഉയർത്തിയ 234 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സിംബാബ്‍വേ 134 റൺസിന് കൂടാരം കയറി. 100 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യൻ യുവനിര കുറിച്ചത്. ഇന്ത്യക്കായി മുകേഷ് കുമാറും ആവേശ് ഖാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.India
നേരത്തേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ രണ്ടാം ഓവറിൽ തന്നെ നഷ്ടമായപ്പോള്‍ ആദ്യ കളിയിലെ ദുരന്തം വീണ്ടും ആവർത്തിക്കുകയാണോ എന്ന് ആരാധകർ സംശയിച്ച് നിന്ന നേരത്താണ് അഭിഷേക്-ഗെയിക്വാദ് ജോഡി ക്രീസിൽ ഒന്നിക്കുന്നത്. ഹരാരെ സ്‌പോർട്‌സ് ക്ലബ്ബ് സ്‌റ്റേഡിയം പിന്നെ അക്ഷരാർത്ഥത്തിൽ പൂരപ്പറമ്പായി. എട്ട് സിക്‌സും ഏഴ് ഫോറും സഹിതം വെറും 47 പന്തിലാണ് അഭിഷേക് ഇന്ത്യൻ ജഴ്‌സിയിൽ തന്റെ കന്നി സെഞ്ച്വറി കുറിച്ചത്. 47 പന്തിൽ പുറത്താവാതെ 77 റൺസടിച്ച് ഗെയിക് വാദ് അഭിഷേകിന് മികച്ച പിന്തുണ നൽകി. മത്സരത്തിൽ അഭിഷേകിനെ വീഴ്ത്താനുള്ള ഒരു സുവർണാവസരം സിംബാബ്‍വേ പാഴാക്കിയിരുന്നു.
അഭിഷേക് പുറത്തായ ശേഷം ക്രീസിലെത്തിയ റിങ്കു സിങ്ങും ടോപ് ഗിയറിലായിരുന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച റിങ്കു 22 പന്തിൽ പുറത്താവാതെ 48 റൺസെടുത്തു. അഞ്ച് സിക്‌സും രണ്ട് ഫോറും റിങ്കുവിന്റെ ഇന്നിങ്‌സിന് അകമ്പടി ചാർത്തി. 43 റൺസെടുത്ത വെസ്ലി മദെവേറെയാണ് സിംബാബ്‍വേയുടെ ടോപ് സ്‌കോറർ.