നോൺ-വെജിന് നിരോധനമേർപ്പെടുത്തിയ ലോകത്തിലെ ആദ്യ നഗരം ഇന്ത്യയിൽ

India becomes the first city in the world to ban non-veg

 

ഗുജറാത്ത്: മാംസ ആഹാരങ്ങൾ അഥവാ നോൺ-വെജ് ഭക്ഷണത്തിന് നിരോധനമേർപ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ നഗരം. അതും വൈവിധ്യങ്ങളുടെ നാടായ നമ്മുടെ സ്വന്തം ഇന്ത്യയിൽ. ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പാലിതാനയാണ് ആ പ്രദേശം. ജൈനരുടെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ പാലിതാനയിലെ ഈ ചരിത്ര തീരുമാനം മൃഗങ്ങളെ കൊല്ലുന്നതും മാംസം വിൽക്കുന്നതും കഴിക്കുന്നതുമൊക്കെ നിയമവിരുദ്ധവും ശിക്ഷാർഹവുമാക്കിയിരിക്കുകയാണ്. നഗരത്തിലെ ഏകദേശം 250ലധികം ഇറച്ചിക്കടകൾ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് 200 ഓളം ജൈന സന്യാസിമാർ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് ഈ നീക്കം.

 

നഗരങ്ങളിൽ സസ്യേതര ഭക്ഷണം തയ്യാറാക്കുന്നതും പ്രദർശിപ്പിക്കുന്നതും വെജിറ്റേറിയൻ വിഭാഗക്കാരുടെ സംവേദനക്ഷമതയെ വ്രണപ്പെടുത്തുന്നുവെന്നും ആളുകളെ, പ്രത്യേകിച്ച് കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്നും വിചിത്രവാദങ്ങൾ ഉയർന്നു വന്നിരുന്നു. നോൺ-വെജ് ഭക്ഷണത്തിന് നിരോധനമേർപ്പെടുത്തിയത് നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് സഹായകമാവുമെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ വാദം.

 

ഗുജറാത്തിലെ വെജിറ്റേറിയനിസത്തെ പ്രധാനമായും സ്വാധീനിക്കുന്നത് വൈഷ്ണവ ഹിന്ദു സംസ്കാരമാണ്. ഗുജറാത്തിലെ ജനസംഖ്യയുടെ 88.5% ഹിന്ദുക്കളാണ്. 10% മുസ്ലീകളും ക്രിസ്ത്യാനികളുമുണ്ട്. എന്നാൽ 1% മാത്രമാണ് ജൈനമതക്കാരുള്ളത്.

 

നോൺ വെജിറ്റേറിയൻ ഭക്ഷണത്തിനെതിരായ മുന്നേറ്റം ഗുജറാത്തിലോ ആഗോളതലത്തിലോ പുതിയതല്ല. സസ്യാഹാരത്തെ മാതൃകയാക്കിയ മഹാത്മാഗാന്ധിയുടെ മാതൃകയെ പിന്തുടരുകയാണെന്നാണ് ഒട്ടുമിക്ക ഗുജറാത്തികളുടേയും വാദം. സ്‌കൂൾ പഠനകാലത്ത് മാംസത്തിൽ പരീക്ഷണം നടത്തിയെങ്കിലും, മഹാത്മാഗാന്ധി ആജീവനാന്ത സസ്യാഹാരത്തിൻ്റെ വക്താവായിരുന്നു. ഗാന്ധിയുടെ ആത്മകഥയിലെ പ്രസക്തഭാഗങ്ങളാണ് ഇതിന് ഉദാഹരണമായി അവർ ഉയർത്തി കാണിക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *