കോപ്പയിൽ മുത്തമിട്ട് അർജന്റീന

Argentina kissing in Copa

എക്സ്ട്രാ ടൈമിൽ കൊളംബിയയെ ഒരു ഗോളിന് തകർത്ത് അർജന്റീന കോപ്പ അമേരിക്ക ജേതാക്കളായി.

അടി, ഇടി, ചവിട്ട്…എല്ലാം നിറങ്ങതായിരുന്നു കളത്തിന് പുറത്തും അകത്തും കോപ്പ അമേരിക്ക ഫൈനല്‍ 2024. ടിക്കറ്റില്ലാതെ എത്തിയ കൊളംബിയന്‍ ആരാധകര്‍ വലിയ സുരക്ഷാ പ്രശ്‌നമായതോടെ മയാമിയിലെ ഹാര്‍ഡ്‌ റോക്ക് സ്റ്റേഡിയത്തില്‍ 82 മിനുറ്റ് വൈകിയാണ് അര്‍ജന്‍റീന-കൊളംബിയ ഫൈനല്‍ ആരംഭിച്ചത്. കിക്കോഫായി ആദ്യ മിനുറ്റുകളില്‍ തന്നെ അര്‍ജന്‍റീനയുടെ ജൂലിയന്‍ അല്‍വാരസ് മുന്നിലെത്താനുള്ള അവസരം കളഞ്ഞുകുളിച്ചു. പിന്നാലെ തിരിച്ചടിക്കാനുള്ള അവസരം കൊളംബിയയുടെ കോര്‍ഡോബയ്ക്കും കൈമോശം വന്നു. കൊളംബിയന്‍ പ്രസ്സിന് മുന്നില്‍ വിയര്‍ക്കുന്ന അര്‍ജന്‍റീനയെയാണ് ആദ്യപകുതിയിലുടനീളം കണ്ടത്. കൊളംബിയ അവരുടെ ഫിസിക്കല്‍ ഗെയിം ഫൈനലിലും പുറത്തെടുത്തു. എങ്ങനെയും ഗോളടിക്കാനുള്ള കൊളംബിയന്‍ കുതിപ്പും അപ്രതീക്ഷിത ഷോട്ടുകളും അര്‍ജന്‍റീനയ്ക്ക് തലവേദന ഇരട്ടിയാക്കി.

അതേസമയം അര്‍ധാവസരങ്ങള്‍ പോലും ഗോളാക്കുന്ന സാക്ഷാല്‍ ലിയോണല്‍ മെസിക്ക് പോലും ഫിനിഷിംഗ് പിഴച്ചു. ഇതോടെ ഗോള്‍രഹിതമായി മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു. ഗോളി എമി മാര്‍ട്ടിനസിന്‍റെ മികവ് ആദ്യപകുതിയില്‍ അര്‍ജന്‍റീനയ്ക്ക് സുരക്ഷയായി മാറി.

രണ്ടാംപകുതിയുടെ തുടക്കത്തിലെ അര്‍ജന്‍റീന ഉണര്‍വ് വീണ്ടെടുത്തു. 58-ാം മിനുറ്റില്‍ ഏഞ്ചല്‍ ഡി മരിയയുടെ ഷോട്ട് നിര്‍ഭാഗ്യം കൊണ്ടാണ് ഗോളാകാതെ പോയത്. ആദ്യപകുതിയിലെ പരിക്ക് രണ്ടാംപകുതിയിലും വലച്ചതോടെ മെസി 66-ാം മിനുറ്റില്‍ നിറകണ്ണുകളോടെ കളത്തിന് പുറത്തേക്ക് മടങ്ങി. ഡഗൗട്ടിലെത്തിയ മെസി പൊട്ടിക്കരയുന്നത് ഫുട്ബോള്‍ ലോകം തത്സമയം കണ്ടു. കളി കയ്യാങ്കളിയായി തുടരുന്നതാണ് പിന്നീടും കണ്ടത്. ഇതിനിടെ 76-ാം മിനുറ്റില്‍ അര്‍ജന്‍റീനയുടെ നിക്കോളാസ് ഗോണ്‍സാലസ് നേടിയ ഗോള്‍ ഓഫ്‌സൈഡായി വിധിച്ചു. ഇതിന് ശേഷം അര്‍ജന്‍റീന ശക്തമായ ആക്രമണങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും ഗോള്‍ മാറിനിന്നു. 90 മിനുറ്റുകള്‍ക്ക് ശേഷം എക്‌സ്‌ട്രാടൈമിന്‍റെ ആദ്യപകുതിയിലും ഇരു ടീമുകളുടെയും ഗോള്‍ശ്രമങ്ങള്‍ പാളി. എന്നാല്‍ രണ്ടാംപകുതിയില്‍ ലൗട്ടാരോ മാര്‍ട്ടിനസിന്‍റെ സുന്ദര ഫിനിഷിംഗ് അര്‍ജന്‍റീനയ്ക്ക് ലീഡും കപ്പും സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *