നിപ: പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണങ്ങൾ

Nipah: Strict restrictions in Pandikkad and Anakkayam panchayats

മലപ്പുറം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മലപ്പുറം പാണ്ടിക്കാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂനെയിലെ വൈറോളജി ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം. പ്രഭവകേന്ദ്രമായ പാണ്ടിക്കാട് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിയന്ത്രണം ഏർപ്പെടുത്തി. രോഗിയുടെ റൂട്ട് മാപ്പ് ഉടൻ പ്രസിദ്ധീകരിക്കും. ഹൈ റിസ്കിലുള്ള മുഴുവൻ പേരുടെയും സാമ്പിൾ ശേഖരിക്കും. 214 പേരാണ് നിരീക്ഷണത്തിലുള്ളത്. 60 പേർ ഹൈ റിസ്ക് വിഭാഗത്തിലുമുണ്ട്.

നാളെ മദ്രസകളും ട്യൂഷൻ സെന്ററുകളും ഉൾപ്പെടെ പ്രവർത്തിക്കരുത്. റോഡുകൾ അടക്കില്ല, എന്നാൽ കച്ചവട സ്ഥാപനങ്ങൾ രാവിലെ 10 മുതൽ അ‍ഞ്ച് വരെ മാത്രം പ്രവർത്തിക്കണം. പൊതുസ്ഥലങ്ങളിൽ അകലം പാലിക്കണം. സിനിമാ തിയേറ്ററുകൾ പ്രവർത്തിക്കരുത് തുടങ്ങി കർശനമായ നിയന്ത്രണങ്ങൾ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ ഏർപ്പെടുത്തി.

പനി ബാധിച്ച 15കാരനെ ഈ മാസം 15ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളിൽ നിന്നാണ് രോഗം സ്ഥിരീകരിച്ചത്. നിപയെന്ന് ഉറപ്പിച്ചതോടെ കുട്ടിയെ ഇന്ന് വൈകുന്നേരം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കുട്ടിയുടെ പിതാവ്, മാതാവ്, അമ്മാവൻ എന്നിവരാണ് കോഴിക്കോട് നിരീക്ഷണത്തിൽ കഴിയുന്നത്. ജില്ലയിൽ 25 കമ്മിറ്റികൾ അടിയന്തരമായി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. രോഗ ചികിത്സക്ക് ആവശ്യമായ മോണോക്ലോണൽ ആൻ്റിബോഡി പൂനെ വൈറോളജി ലാബിൽ നിന്നും നാളെ എത്തും. പി.പി.ഇ കിറ്റുകൾ, മരുന്നുകൾ, മാസ്ക്കുകൾ എന്നിവ കെ.എം.എസ്.സി.എൽ എത്തിക്കും. മഞ്ചേരി മെഡിക്കൽ കോളേജിൽ 30 ഐസൊലേഷൻ റൂമുകൾ സജ്ജീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *