കുത്തിവെപ്പിന് പിന്നാലെ യുവതിയുടെ മരണം ; റോഡ് ഉപരോധിച്ച് ബന്ധുക്കളും നാട്ടുകാരും

death

തിരുവനന്തപുരം: കുത്തിവെപ്പിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ വൻ പ്രതിഷേധം. ആശുപത്രി പരിസരത്താണ് യുവതിയുടെ ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്നത്. ജില്ലാ കലക്ടർ സ്ഥലത്തെത്തണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. മലയൻകീഴ് സ്വദേശി കൃഷ്ണയാണ് (28) ഇന്ന് രാവിലെ മരിച്ചത്.death 

ഹോസ്പിറ്റലിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കൾ രം​ഗത്തുവന്നിരുന്നു. പല രേഖകളും വ്യാജമായി ഉണ്ടാക്കിയതാണെന്നായിരുന്നു കുടുംബത്തിന്റെ പ്രധാന ആരോപണം. ഒന്നരയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയ കൃഷ്ണയുടെ ഇ.സി.ജി മൂന്നരയ്ക്ക് നെയ്യാറ്റിൻകരയിൽ എടുത്തു എന്ന് വ്യാജരേഖ സൃഷ്ടിച്ച‌ത് തെറ്റുകാരെ രക്ഷിക്കാനാണെന്നും കുടുംബം ആരോപിച്ചിരുന്നു.

യുവതി മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറോട് അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. സംഭവത്തിൽ തിരുവനന്തപുരം ജില്ല മെഡിക്കൽ ഓഫീസർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. കൃഷ്ണയുടെ ഭർത്താവ് ശരത് നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വയറുവേദനയെ തുടർന്ന് കൃഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആദ്യം തൈക്കാട് ആശുപത്രിയിലും പിന്നീട് മലയൻകീഴിലും കൊണ്ടുപോയെങ്കിലും കിഡ്‌നിസ്‌റ്റോൺ ആണെന്ന് കാട്ടി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് നിർദേശിക്കുകയായിരുന്നു. ഇതുപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച യുവതിയും ഭർത്താവും നെയ്യാറ്റിൻകരയിലെത്തി.

കൃഷ്ണയുടെ രക്തം പരിശോധിച്ചതിന്റെ റിസൾട്ട് വാങ്ങാൻ ഭർത്താവ് ശരത് ലാബിലേക്ക് പോയ സമയം ആശുപത്രി അധികൃതർ യുവതിക്ക് ഇൻജക്ഷൻ നൽകിയതായാണ് ബന്ധുക്കൾ പറയുന്നത്. ഇതിന് പിന്നാലെ വലിയ രീതിയിലുള്ള ശാരീരിക അസ്വസ്ഥതകൾ യുവതിക്ക് ഉണ്ടായി. മുഖത്തടക്കം കറുത്ത വലിയ പാടുകൾ ഉണ്ടാവുകയും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്തതോടെ യുവതിയെ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. പിന്നാലെ ഇന്ന് പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *