അങ്കോലയിൽ രണ്ട് സ്ഥലങ്ങളിൽ റഡാർ സിഗ്നൽ: ലഭിച്ചത് റോഡരികിലെ മൺകൂനയിൽ നടത്തിയ പരിശോധനയിൽ
ഷിരൂര്‍: അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ ഏഴാംദിവസവും തുടരുന്നു. അതിനിടെ അങ്കോലയിൽ രണ്ട് സ്ഥലങ്ങളിൽ റഡാറില്‍ സിഗ്നല്‍ ലഭിച്ചു.
റോഡരികിലെ മണ്ണിൽ നടത്തിയ പരിശോധനയിലാണ് സിഗ്നൽ ലഭിച്ചത്. ഈ സ്ഥലങ്ങളിലെ മണ്ണ് നീക്കി പരിശോധിക്കുകയാണ്.
തിങ്കളാഴ്ച രാവിലെ മുതല്‍ കരയിലും ഗംഗാവലി പുഴയിലുമായാണ് തെരച്ചില്‍ നടത്തിയിരുന്നത്. തെരച്ചിലിനായി ബെംഗളൂരുവില്‍നിന്ന് ‘ഡീപ് സെര്‍ച്ച് ഡിറ്റക്ടറും’ സ്ഥലത്ത് എത്തിച്ചിരുന്നു. എട്ടുമീറ്റര്‍ ആഴത്തില്‍വരെ തെരച്ചില്‍ നടത്താന്‍ സഹായിക്കുന്ന ഉപകരണമാണിത്.
നിലവില്‍ സ്ഥലത്തെ റോഡിന് മുകളിലെ മണ്ണ് ഏറെക്കുറെ നീക്കിയിട്ടുണ്ട്. അതിനാല്‍ ഇവിടെ ലോറിയുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ഇതേത്തുടര്‍ന്ന് സമീപത്തെ മണ്‍കൂനകളിലും മണ്ണിടിച്ചിലിനെത്തുടര്‍ന്ന് പുഴയില്‍ രൂപപ്പെട്ട മണ്‍കൂനയിലുമായാണ് പരിശോധന തുടര്‍ന്നിരുന്നത്. ഇതിനിടെയാണ് ഇപ്പോള്‍ സിഗ്നല്‍ ലഭിച്ചിരിക്കുന്നത്.
കര, നാവിക സേനകളും എന്‍.ഡി.ആര്‍.എഫ്, അഗ്നിരക്ഷാസേന, പൊലീസ് തുടങ്ങിയവരും സന്നദ്ധപ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. ഇതിനിടെ ഷിരൂരിൽ ഇന്നു മുതൽ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മണ്ണിടിച്ചിൽ ഉണ്ടായ ദിവസങ്ങൾക്ക് സമാനമായ മഴ വരും ദിവസങ്ങളിൽ ഉണ്ടാവാൻ ഇടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.