നെതന്യാഹുവിനെ ഹിറ്റ്‌ലറുമായി താരതമ്യം ചെയ്ത പോസ്റ്റിനെ പിന്തുണച്ചു; യു.എൻ ഉദ്യോഗസ്ഥയെ ജൂത വിരുദ്ധയെന്ന് വിമർശിച്ച് ഇസ്രായേൽ
ജനീവ: ബെഞ്ചമിൻ നെതന്യാഹുവിനെ അഡോൾഫ് ഹിറ്റ്‌ലറുമായി താരതമ്യം ചെയ്യുന്ന പോസ്റ്റിനെ പിന്തുണച്ച യു.എൻ ഉദ്യോഗസ്ഥയ്ക്ക് നേരെ ഇസ്രായേൽ വിമർശനം. യു.എൻ മനുഷ്യാവകാശ പ്രവര്‍ത്തകയും ഉദ്യോഗസ്ഥയുമായ ഫ്രാൻസെസ്‌ക അൽബനീസിന് നേരെയാണ് ‘ജൂത വിരുദ്ധ’ എന്ന വിമർശനവുമായി ഇസ്രായേൽ രംഗത്ത് വന്നത്. ഫലസ്തീൻ മേഖലകളിലെ യു.എൻ യോഗ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഉദ്യോഗസ്ഥയാണ് അൽബനീസ്.anti-Semitic
ആൾക്കൂട്ടത്തിനു നടുവിൽ നിൽക്കുന്ന ഹിറ്റ്‌ലറിന്റെ ചിത്രവും നെതന്യാഹുവിന്റെ മറ്റൊരു ചിത്രവും ചേർത്ത് സമൂഹമാധ്യമമായ എക്‌സിൽ മുൻ യു.എൻ മനുഷ്യാവകാശ ഉദ്യോഗസ്ഥനായിരുന്ന ക്രെയിഗ് മോക്കിബർ പങ്കുവച്ച പോസ്റ്റിനു താഴെയാണ് ആൽബനീസ് പ്രതികരണം രേഖപ്പെടുത്തിയത്. ‘ഇതാണ് ഇന്ന് ഞാൻ ചിന്തിച്ചത്’ എന്നായിരുന്നു ആൽബനീസിന്റെ കമന്റ്. ഗസ്സയിലെ വംശീയ അധിനിവേശത്തിൽ മനംമടുത്തും യു.എന്നിനെതിരെ വിമർശനമുന്നയിച്ചും ഇക്കഴിഞ്ഞ ഒക്ടോബറിൽ രാജിവെച്ചയാളാണ് ക്രെയിഗ് മോക്കിബർ. സംഭവം പ്രചരിക്കപ്പെട്ടതിനു പിന്നാലെ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രതികരണവുമായി രംഗത്ത് വന്നു. പൊറുക്കാനാവുന്നതിനും അപ്പുറത്ത് ഉള്ളകാര്യമാണിതെന്നും ജൂത വിരുദ്ധത പ്രോത്സാഹിപ്പിക്കാൻ യു.എന്നിനെ സുരക്ഷാ കവചമാക്കി മാറ്റുകയാണ് ആൽബനീസ് എന്നും മന്ത്രാലയം കുറ്റപ്പെടുത്തി.
യു.എന്നിലെ ഇസ്രായേൽ മിഷൻ പ്രിതിനിധികൾ ആൽബനീസിനെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്നും ഇത്തരം പ്രതികരണത്തെ അംഗീകരിക്കുന്നത് യു.എന്നിന്റെ കാതൽതന്നെ ദ്രവിച്ചെന്ന് ഉറപ്പാക്കുന്നതാണെന്നും വിമർശിച്ചു. ആൽബനീസ് തന്റെ പദവി ദുരുപയോഗം ചെയ്യുകയാണെന്ന് ഇസ്രായേലിന്റെ ജനീവ അമ്പാസിഡർ കുറ്റപ്പെടുത്തി.
2022 ലാണ് ആൽബനീസ് യു.എൻ മനുഷ്യവകാശ കൗൺസിലിൽ നിയമിതയായത്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് വ്യക്തമാക്കി ഇക്കഴിഞ്ഞ മാർച്ചിൽ ആൽബനീസ് റിപ്പോർട്ട് അവതരിപ്പിച്ചിരുന്നു. ഇതിലും വിമർശനം നേരിട്ടിരുന്നു ആല്‍ബനീസ്.