തിരച്ചിൽ നാലാം ദിനം; തിരച്ചിൽ ആറ് സോണുകളായി തിരിച്ച്; പുഞ്ചിരിമട്ടത്ത് പ്രത്യേക പരിശോധന; വെല്ലുവിളിയുയർത്തി കനത്ത മഴ
ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈയിലും , ചൂരൽമലയിലും കാണാതായവർക്കായുള്ള തിരച്ചിൽ നാലാം ദിവസത്തിലേക്ക് നാൽപത് അംഗ ടീമുകളായി തിരിഞ്ഞ് ആറ് മേഖലകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് പ്രത്യേകം തെരച്ചിൽ നടത്തും . ആർമി സംഘം മുണ്ടക്കൈ ഭാഗത്തേക്ക് നീങ്ങുകയാണ്. കനത്തമഴ രക്ഷാദൌത്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. മുങ്ങൽവിദഗ്ധരുടെ സഹായത്തോടെ ചാലിയാർപുഴയിലും , പുഴയൊഴുകുന്ന ഉൾവനത്തിലും , സ്റ്റേഷൻ പരിധികളിലും തിരച്ചിൽ നടക്കും. ബെയ്ലി പാലം തുറന്നതോടെ ദൌത്യം കൂടൂതൽ വേഗത്തിലാകും. റഡാർ സംവിധാനവും,ഹെലികോപ്റ്ററുകളും തിരച്ചിന് ഉപയോഗിക്കും. ഉരുൾപൊട്ടലിൽ മരണസംഖ്യ 297 ആയി. (wayanad landslide rescue operation day 04 updates)
ആറ് സോണുകളിലാണ് ഇന്നത്തെ തിരച്ചിൽ നടക്കുന്നത്. അട്ടമല-ആറൻമല പ്രദേശമാണ് ആദ്യ സോൺ. മുണ്ടക്കൈ സോൺ രണ്ടും പുഞ്ചിരിമട്ടം സോൺ മൂന്നുമാണ്. വെള്ളാർമല വില്ലേജ് റോഡ് നാലാം സോണാണ്. ജിവിഎച്ച്എസ്എസ് വെള്ളാർമലയാണ് അഞ്ചാം സോൺ. ചൂരൽമല പുഴയുടെ അടിവാരത്തെ സോൺ ആറായും തിരിച്ചിട്ടുണ്ട്. സൈന്യം ചൂരൽമലയിൽ ഇതിനോടകം എത്തിച്ചേർന്നിട്ടുണ്ട്.
ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈ,പുഞ്ചിരിമട്ടം പ്രദേശങ്ങളിൽ സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തിയിട്ടുണ്ട്. തെർമൽ ഇമേജിങ് പരിശോധനയിലാണ് കണ്ടെത്തൽ. ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം കൊച്ചിയിലെ ഏജന്‍സിയാണ് പരിശോധന നടത്തിയത്.