വയനാട്ടിലെ ദുരന്തബാധിത മേഖലകളിലെ ഭക്ഷണ വിതരണം സംബന്ധിച്ച വിവാദം അടങ്ങുന്നില്ല
വയനാട്: വയനാട്ടിലെ ദുരന്തബാധിത മേഖലകളിലെ ഭക്ഷണ വിതരണം സംബന്ധിച്ച വിവാദം അടങ്ങുന്നില്ല. യൂത്ത്‌ലീഗ് വൈറ്റ്ഗാർഡിൻ്റെ ഊട്ടുപുര നിർത്തിവെച്ച നടപടി പുനഃപരിശോധിക്കുമെന്നു മന്ത്രി മുഹമ്മദ് റിയാസും ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണെന്ന് റവന്യൂ മന്ത്രി കെ. രാജനും പറഞ്ഞു. സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ, പുറത്തുള്ളവര്‍ക്കോ ഭക്ഷണം നേരിട്ട് വിതരണം ചെയ്യാന്‍ അനുവാദമുണ്ടാകില്ല എന്നും മന്ത്രി വ്യക്തമാക്കി.
വൈറ്റ് ഗാർഡ് കള്ളാടിയിൽ ഒരുക്കിയ ഊട്ടുപുര കഴിഞ്ഞ ദിവസം പൊലീസ് നിർത്തിവെപ്പിച്ചതോടെയാണ് വിവാദം ചൂടുപിടിച്ചത്. ഭക്ഷണ വിതരണം നിർത്തിയതോടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് അടക്കം ഭക്ഷണം ലഭിക്കുന്നില്ല എന്ന പരാതി ഉയർന്നിരുന്നു. വിവാദം കനത്തതോടെ ഊട്ടുപുര നിർത്തിവെച്ച നടപടി പുനഃപരിശോധിക്കുമെന്നായി മന്ത്രി പി. എ മുഹമ്മദ് റിയാസ്. എന്നാൽ വിവാദം കെട്ടടങ്ങി തുടങ്ങുന്നതിനിടെ ആക്ഷേപങ്ങളെല്ലാം തള്ളി റവന്യൂ മന്ത്രി രംഗത്തുവന്നു.
സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ, പുറത്തുള്ളവര്‍ക്കോ ഭക്ഷണം നേരിട്ട് വിതരണം ചെയ്യാന്‍ അനുവാദമില്ല എന്നുകൂടി പറഞ്ഞതോടെ ഭക്ഷണവിവാദം വരുംദിവസങ്ങളിലും തുടരുമെന്ന് സൂചനയാണ് രക്ഷാപ്രവർത്തകർ നൽകുന്നത്.