‘കുട്ടിയെ അടിക്കാൻ എന്തധികാരം?’: അധ്യാപകനെ ഓടിച്ചിട്ട് തല്ലി മാതാപിതാക്കൾ,അറസ്റ്റ്
ചെന്നൈ: രണ്ടാം ക്ലാസുകാരിയായ മകളെ അടിച്ചെന്നാരോപിച്ച് അധ്യാപകനെ ഓടിച്ചിട്ട് തല്ലി മാതാപിതാക്കൾ. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. സ്വകാര്യ സ്‌കൂളിലെ അധ്യാപകനായ ആർ.ഭരതിനാണ് മർദനമേറ്റത്. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കളായ സെൽവിയെയും ശിവലിംഗത്തെയും പൊലീസ് അറസ്റ്റ് ചെയ്തു.
അധ്യാപകൻ അടിച്ചുവെന്ന കുട്ടിയുടെ പരാതിയിലാണ് സെൽവിയും ശിവലിംഗവും സ്‌കൂളിലെത്തുന്നത്. ക്ലാസ്സ് മുറിയിൽ അതിക്രമിച്ച് കയറിയ ഇവർ അധ്യാപകനെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. ഇയാൾ രക്ഷപെടാൻ ശ്രമിക്കുമ്പോൾ ഇവർ കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തുകയും വീണ്ടും തല്ലുകയും ചെയ്യുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. സ്‌കൂളിന് ചുറ്റും ഇവർ ഇയാളെ ഓടിക്കുന്നുണ്ട്. കുട്ടിയെ തല്ലാൻ നിങ്ങൾക്കാരധികാരം തന്നു എന്ന് ചോദിച്ചു കൊണ്ടാണ് സെൽവി ഭരതിനെ മർദിക്കുന്നത്. ചെരിപ്പ് കൊണ്ടടിക്കും എന്നും ഇടയ്ക്ക് പറയുന്നുണ്ട്.
മറ്റ് അധ്യാപകർ ഭരതിനെ രക്ഷപെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ദമ്പതികൾ പിന്മാറാൻ കൂട്ടാക്കിയില്ല. തുടർന്ന് മറ്റ് അധ്യാപകർ രംഗം പകർത്തുകയും ഇത് തെളിവാക്കി പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛൻ മുനുസാമിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയെ അടിച്ചെന്ന വാദം അധ്യാപകൻ നിഷേധിച്ചിട്ടുണ്ട്. കുട്ടി ക്ലാസ്സിൽ വർത്തമാനം പറഞ്ഞതിനും മറ്റ് കുട്ടികളുമായി വഴക്കുണ്ടാക്കിയതിനും സീറ്റ് മാറ്റിയിരുത്തുക മാത്രമാണ് ചെയ്തതെന്നാണ് ഭരത് പറയുന്നത്. സീറ്റ് മാറുന്നതിനിടെ വീണത് താൻ തല്ലിയെന്നാക്കി കുട്ടി വീട്ടിൽ ചെന്ന് പരാതിപ്പെടുകയുമായിരുന്നുവെന്നും കുട്ടിയെ അടിച്ചിട്ടില്ലെന്നും ഇയാൾ കൂട്ടിച്ചേർത്തു.