അദാനി ഓഹരികളിൽ വൻ ഇടിവ്; 53,000 കോടി രൂപ നഷ്ടം, സുരക്ഷിത നീക്കവുമായി നിക്ഷേപകർ
മുംബൈ: അദാനി- ഹിൻഡൻബർഗ് വിവാദത്തിൽ സെബി മേധാവി മാധബി ബുച്ചിനെതിരെ ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷിത നീക്കവുമായി നിക്ഷേപകർ. ഇന്ന് രാവിലെ നടന്ന വ്യാപരത്തിനിടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ ഏഴ് ശതമാനം വരെ ഇടിഞ്ഞു. ഇതോടെ ഏകദേശം 53,000 കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. 10 അദാനി ഓഹരികളുടെ വിപണി മൂല്യം 16.7 ലക്ഷം കോടി രൂപയായി കുറഞ്ഞു.
അദാനി ഗ്രീൻ എനർജി ഓഹരികളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്. ഏഴ് ശതമാനം നഷ്ടം നേരിട്ട് ബി.എസ്.ഇയിൽ 1,656 നിലവാരത്തിലെത്തി. അദാനി ടോട്ടൽ ഗ്യാസ് ഓഹരികൾ ഏകദേശം 5 ശതമാനം, അദാനി പവർ നാല് ശതമാനം, അദാനി വിൽമർ, അദാനി എനർജി സൊല്യൂഷൻസ്, അദാനി എൻ്റർപ്രൈസസ് എന്നിവ ഏകദേശം 3 ശതമാനവും വീതം ഇടിവ് രേഖപ്പെടുത്തി.
ഹിൻഡൻബർഗ് റിപ്പോർട്ട് അദാനി ഗ്രൂപ്പിനെതിരെ പുതിയ ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. അദാനി ഗ്രൂപ്പ് ഓഹരികളില്‍ നിക്ഷേപം നടത്തിയ ബെര്‍മൂഡ, മൗറീഷ്യസ് ആസ്ഥാനമായുള്ള വിദേശ ഫണ്ടുകളില്‍ സെബി മേധാവിക്കും ഭര്‍ത്താവ് ധവല്‍ ബുച്ചിനും ഓഹരിയുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന ആരോപണം. പ്രതിപക്ഷ നേതാക്കൾ ബുച്ചിൻ്റെ രാജിയും ഹിൻഡൻബർഗ് റിപ്പോർട്ടിൽ സംയുക്ത പാർലിമെന്ററി സമിതി അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ പുറത്തുവിട്ട വെളിപ്പെടുത്തലുകൾ മാധബി ബുച്ച് തള്ളിയിരുന്നു.