മണിപ്പൂർ സംഘർഷം പുതിയ വഴിത്തിരിവിൽ; ശബ്‌ദരേഖ ഒറിജിനലെങ്കിൽ മുഖ്യമന്ത്രി കുടുങ്ങും; പുറത്താക്കണമെന്ന് കുക്കി എംഎൽഎമാർ
മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് 10 കുകി എംഎൽഎമാർ. ദി വയർ പുറത്തുവിട്ട ഓഡിയോയുമായി ബന്ധപ്പെട്ട് മണിപ്പൂർ സംഘർഷത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന സംശയം ഉയർന്നതിന് പിന്നാലെയാണ് നീക്കം.അജയ് ലാംബയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ സംസ്ഥാനത്തെ സംഘർഷം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്. ബിരേൻ സിങിനെ ഉടനടി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയില്ലെങ്കിൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന ആശങ്കയും ഇവർക്കുണ്ട്.chief minister
മുഖ്യമന്ത്രി പങ്കെടുത്ത ഒരു യോഗത്തിലെ ഓഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. 48 മിനിറ്റ് ദൈർഘ്യമുള്ളതാണിത്. ഇതിൻ്റെ ചെറിയ ഒരു ഭാഗം ജൂൺ 7 ന് മുൻപ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മണിപ്പൂരിലെ സംഘർഷത്തിൽ താൻ മെയ്തെയ് വിഭാഗത്തിന് അനുകൂലമായി പക്ഷപാതപരമായി പ്രവർത്തിച്ചുവെന്ന് അദ്ദേഹം പറയുന്നുണ്ട്. എന്നാൽ ഈ ശബ്ദം മുഖ്യമന്ത്രിയുടേതല്ലെന്നും വ്യാജ ഓഡിയോ ആണിതെന്നും സർക്കാർ വൃത്തങ്ങൾ വാദിക്കുന്നു.
ഈ ഓഡിയോ ക്ലിപ്പ് മണിപ്പൂർ സംഘർഷം അന്വേഷിക്കുന്ന അജയ് ലാംബ കമ്മീഷന് മുൻപിലേക്ക് എത്തിയിട്ടുണ്ട്. ശബ്ദരേഖ യഥാർത്ഥമെങ്കിൽ സംഘർഷത്തിന് പിന്നിലെ ഭരണകൂട ഇടപെടൽ ഇതിലൂടെ പുറത്തുവരും. 10 കുക്കി എംഎൽഎമാരും ചേർന്ന് സംയുക്ത പ്രസ്താവനയിറക്കിയാണ് മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത്. അക്രമം തുടങ്ങി ആദ്യ ദിവസം തന്നെ മുഖ്യമന്ത്രിക്ക് ഇതിൽ പങ്കുണ്ടെന്ന് തങ്ങൾ പറയുന്നതാണെന്നും അതിപ്പോൾ സംശയാതീതമായി തെളിഞ്ഞിരിക്കുന്നുവെന്നും പ്രസ്താവനയിൽ എംഎൽഎമാർ വിമർശിച്ചു. സാധാരണക്കാരായ ജനത്തിന് നേരെ ബോംബടക്കം ആയുധങ്ങൾ പ്രയോഗിച്ചതിനെ കേന്ദ്ര ആഭ്യന്തര മന്ത്രി വിമർശിച്ചിട്ടും അദ്ദേഹം മടങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി പൊലീസിലെ ഉന്നതർക്ക് ആയുധങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശം നൽകിയതും പുറത്തുവന്ന ഓഡിയോ സന്ദശത്തിലുണ്ടെന്നും എംഎൽഎമാർ പറയുന്നു.
മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ 226 പേരാണ് കൊല്ലപ്പെട്ടത്. 39 പേരെ കാണാതായിട്ടുണ്ട്. ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ കൃത്യമായ കണക്കുകളുമില്ല. 60000 ത്തോളം കുക്കി – മെയ്തെയ് വിഭാഗക്കാർക്ക് തങ്ങളുടെ വീടുകൾ വിട്ട് ഓടിപ്പോകേണ്ടി വന്നു. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബി.ജെ.പിക്ക് സംഘർഷം അവസാനിപ്പിക്കാൻ സാധിക്കാത്തത് വലിയ വീഴ്ചയാണ്.