മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു; നടിയുടെ പരാതിയിൽ ഏഴുപേർക്കെതിരെയും കേസെടുത്തു
നടി ലൈംഗികാതിക്രമ പരാതി നൽകിയ ഏഴുപേർക്കെതിരെയും കേസെടുത്തു. നടന്മാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, പ്രോഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു, കോൺഗ്രസ് നേതാവ് അഡ്വ. ചന്ദ്രശേഖരൻ എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. ഒരു കേസ് തിരുവനന്തപുരത്തും ബാക്കിയെല്ലാം എറണാകുളത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലുമാണ് രജിസ്റ്റർ ചെയ്തത്.
നേരത്തെ മരട് പൊലീസാണ് മുകേഷിനെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണു ചുമത്തിയിരിക്കുന്നത്. ആലുവയിലെ ഫ്‌ലാറ്റിൽ 12 മണിക്കൂർ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസിന്റെ തുടർനടപടികളിലേക്ക് പൊലീസ് കടന്നത്. പരാതിക്കാരിയുടെ മൊഴിപ്പകർപ്പ് ജില്ലാ പൊലീസ് മേധാവിമാർക്ക് കൈമാറിയിരുന്നു.
ഐപിസി 376(ബലാത്സംഗം), 509(സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം), 354(സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള ബലപ്രയോഗം), 452(അതിക്രമിച്ചുകടക്കൽ) തുടങ്ങിയ വകുപ്പുകളാണ മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്.
സെക്രട്ടറിയേറ്റിൽ അപമര്യാദയായി പെരുമാറിയെന്ന നടിയുടെ പരാതിയിൽ ജയസൂര്യയ്‌ക്കെതിരെ തിരുവനന്തപുരത്തും കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന കൊച്ചിയിലെ നടിയുടെ പരാതിയിലാണു നടപടി. ഷൂട്ടിങ് സെറ്റായ സെക്രട്ടറിയേറ്റിലെ ശുചിമുറിയിൽ കടന്നുപിടിച്ചെന്ന് എഫ്.ഐ.ആറിൽ പറയുന്നു.