ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ ‘മഞ്ഞപ്പട’; സീസൺ തുടങ്ങും മുൻപ് പ്രശ്നങ്ങൾ പരിഹരിക്കണം
കൊച്ചി: പുതിയ ഐ.എസ്.എൽ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് തുറന്ന കത്തുമായി ആരാധക കൂട്ടമായ ‘മഞ്ഞപ്പട’ രംഗത്ത്. പുതിയ താരങ്ങളെയെത്തിക്കുന്നതിലടക്കം മാനേജ്മെന്റ് പുലർത്തുന്ന നിസംഗതയെ ചോദ്യം ചെയ്താണ് ആരാധകർ രംഗത്തെത്തിയത്. വരാനിരിക്കുന്ന സീസണിലെ ആശങ്കയും പങ്കുവെച്ചു. പ്രശ്നങ്ങൾ അതിവേഗം പരിഹരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.Blasters
ക്ലബിനൊപ്പം ഒരുപതിറ്റാണ്ടിയേറെയായി അടിയുറച്ച് നിൽക്കുന്നവരാണ് മഞ്ഞപ്പട എന്ന ആമുഖത്തോടെ തുടങ്ങിയ കത്തിൽ നിലവിലെ പ്രശ്നങ്ങൾ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ക്ലബിന്റെ പുതിയ സീസണിലേക്കുള്ള തയാറെടുപ്പുകൾ ആശങ്കപ്പെടുത്തുന്നതാണ്. അടിസ്ഥാന സൗകര്യങ്ങൾ, കളിക്കാരുടെ സൈനിങ്, താരങ്ങളെ വിറ്റഴിക്കൽ എന്നിവയിലെല്ലമുള്ള നിരാശയും അസംതൃപ്തിയും ആരാധകൂട്ടം പങ്കുവെച്ചു. ടീമിന് മികവിലേക്കുയരാൻ ആവശ്യമായ താരങ്ങളേയും മികച്ച അന്തരീക്ഷവുമൊരുക്കാൻ മാനേജ്മെന്റ് തയാറാകണമെന്നും ആവശ്യപ്പെട്ടു.
സമൂഹമാധ്യമങ്ങളിൽ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ വ്യാപക കാമ്പയിനാണ് നടന്നുവരുന്നത്. അടുത്തിടെ ഡ്യൂറന്റ്കപ്പ് ക്വാർട്ടർ ഫൈനലിൽ ബെംഗളൂരു എഫ്.സിയോട് തോറ്റ് ബ്ലാസ്റ്റേഴ്സ് പുറത്തായിരുന്നു. മത്സരത്തിൽ ടീം പ്രകടനം വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഐ.എസ്.എൽ പുതിയ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം തിരുവോണ ദിനത്തിൽ കൊച്ചി ജവഹൽ ലാൽ നെഹ്റു സ്റ്റേഡിയത്തിലാണ്.