പൊലീസിനെതിരെ കൂടുതൽ തെളിവുകൾ പി.വി. അൻവർ ഇന്ന് പുറത്തുവിടാൻ സാധ്യത

പൊലീസിനെതിരെ കൂടുതൽ തെളിവുകൾ പി.വി. അൻവർ ഇന്ന് പുറത്തുവിടാൻ സാധ്യത

കോഴിക്കോട്: പൊലീസിനെതിരെ പി.വി. അൻവർ എം.എൽ.എ കൂടുതൽ തെളിവുകൾ ഞായറാഴ്ച പുറത്തുവിടാൻ സാധ്യത. എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെയും പത്തനംതിട്ട എസ്.പി സുജിത് ദാസിന്റെയും അനധികൃത ഇടപാടുകൾ സംബന്ധിച്ച തെളിവുകൾ തന്റെ കൈവശം ഉണ്ടെന്നാണ് അൻവർ അവകാശപ്പെടുന്നത്.

കരിപ്പൂർ സ്വർണ്ണക്കടത്തിൽ സുജിത് ദാസിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവിട്ടാൽ രാജ്യം തന്നെ ഞെട്ടുമെന്നാണ് മീഡിയവൺ സ്പെഷ്യൽ എഡിഷൻ ചർച്ചയിൽ പി.വി. അൻവർ പറഞ്ഞത്. എം.ആർ. അജിത് കുമാറും – പി. വി. അൻവറും തമ്മിലുള്ള സംഭാഷണവും അൻവറിന്റെ കൈവശം ഉണ്ടെന്നാണ് വിവരം. പുതിയ വിവാദത്തോടെ സംസ്ഥാന സർക്കാറും സി.പി.എം നേതൃത്വവും പ്രതിരോധത്തിലായിട്ടുണ്ട്.

അജിത് കുമാറിന് ആർ.എസ്.എസിന്റെ നല്ല പിന്തുണയുണ്ടെന്നാണ് പി.വി. അൻവർ മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനില്‍ ആരോപിച്ചത്. കരിപ്പൂർ സ്വർണക്കടത്ത് ഇടപാടുമായി ബന്ധപ്പെട്ട് എസ്.പി സുജിത് ദാസ് കോടികൾ ഉണ്ടാക്കിയെന്നും അൻവർ ആരോപിച്ചു. സി.പി.എമ്മുമായി പി.വി. അന്‍വർ അകലുന്നുവെന്ന സൂചനയും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. എ.ഡി.ജി.പിക്കും എസ്.പിക്കുമെതിരെ പി.വി. അന്‍വർ എന്ത് പുതിയ തെളിവാകും പുറത്തുവിടകു എന്ന ആകാംക്ഷയിലാണ് പൊലീസും സർക്കാരും ഒപ്പം പൊതുസമൂഹവും.

അതേസമയം, തനിക്കെതിരായ പരാമർശത്തിൽ പി.വി അൻവർ എം.എൽ.എയ്ക്കും പത്തനംതിട്ട എസ്.പി സുജിത് ദാസിനുമെതിരെ പരാതി ഉന്നയിച്ച് എ.ഡി.ജി.പി എം.ആർ. അജിത് കുമാർ രംഗത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിനെയും നേരിൽക്കണ്ടാണ് അജിത് കുമാർ പരാതി അറിയിച്ചത്. പിന്നാലെ ഡി.ജി.പിയുടെ നേതൃത്വത്തിൽ ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും ചേർന്നു.

കടുത്ത സമ്മർദമാണ് എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ആഭ്യന്തര വകുപ്പിൽ ചെലുത്തുന്നത്. തനിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച പി.വി. അൻവർ എം.എൽ.എയ്ക്കും പത്തനംതിട്ട എസ്.പി സുജിത് ദാസിനുമെതിരെ നടപടി വേണമെന്നാണ് അജിത് കുമാറിന്റെ ആവശ്യം. അൻവറിനെതിരെ നടപടിക്ക് സാധ്യത കുറവാണെങ്കിലും സുജിത് ദാസിനെതിരെ ഇന്ന് വകുപ്പുതല നടപടി ഉണ്ടായേക്കും. അതിന്റെ സൂചന നൽകി ഇന്നലെ രാത്രി വൈകി പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിന്റെ നേതൃത്വത്തിൽ ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.

അജിത് കുമാർ മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും കണ്ടതിന് തൊട്ടുപിന്നാലെയാണിത്. സുജിത് ദാസിനെതിരെ ഇന്നലെ നടപടിയെടുക്കുമെന്നായിരുന്നു സൂചനകളെങ്കിലും നീളുകയാണ്. ഇതിൽ അജിത് കുമാറിന് അതൃപ്തിയുമുണ്ട്. ഇതിനിടെ നിലവിലെ മലപ്പുറം എസ്.പി എസ്. ശശിധരനെതിരെ പരാമർശം നടത്തിയ അൻവറിനെതിരെ തൽക്കാലം മുഖ്യമന്ത്രിയെ സമീപിക്കേണ്ടെന്ന നിലപാടിലാണ് ഐ.പി.എസ് അസോസിയേഷൻ. സുജിത് ദാസിന്റെ പരാമർശം ഐ.പി.എസ് ഉദ്യോഗസ്ഥർക്കാകെ അവമതിപ്പ് ഉണ്ടാക്കിയെന്നാണ് അസോസിയേഷന്റെ വിലയിരുത്തൽ. അതിൽ തീരുമാനം വന്നിട്ട് മതി ബാക്കി നീക്കങ്ങൾ എന്നാണ് സംഘടനയുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *