യു.പിയിലെ സർക്കാർ ആശുപത്രിയിൽ രോഗിയായ വൃദ്ധന് വാർഡ് ബോയ്‌യുടെ ക്രൂരമർദനം; ബലമായി പുറത്താക്കി
ലഖ്നൗ: സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിയായ വയോധികനെ ക്രൂരമായി മർദിച്ച് വാർഡ് ബോയ്. ഉത്തർപ്രദേശിലെ ഝാൻസി ജില്ലാ ആശുപത്രിയിൽ ഈ മാസം ഒന്നിനായിരുന്നു സംഭവം. ഹാമിർപൂർ സ്വദേശിയായ 60കാരൻ ഗുലാബ് ഖാനാണ് മർദനമേറ്റത്.brutally
കടുത്ത പനിക്ക് ചികിത്സ തേടിയെത്തിയ വയോധികനെയാണ് അത്യാഹിത വാർഡിൽ വച്ച് വാർഡ് ബോയ് ക്രൂരമായി മർദിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരുമടക്കം നിരവധി പേർ നോക്കിനിൽക്കെയായിരുന്നു ആക്രമണം. എന്നാൽ ആരും ഇദ്ദേഹത്തെ സഹായിക്കുകയോ അക്രമം തടയാൻ ശ്രമിക്കുകയോ ചെയ്തില്ല.
സംഭവത്തിന്റെ തലേദിവസം രാത്രി ആശുപത്രിയിൽ നിന്ന് മരുന്ന് വാങ്ങി കഴിച്ചെങ്കിലും അസുഖം മാറിയിരുന്നില്ല. ഇതേ തുടർന്ന് പിറ്റേദിവസം വീണ്ടും എത്തിയ ഖാൻ കിടത്തിച്ചികിത്സ വേണമെന്ന് അഭ്യർഥിച്ചു. എന്നാൽ ഇയാളെ മാനസിക രോഗിയെന്ന് മുദ്രകുത്തുകയാണ് ആശുപത്രി ജീവനക്കാർ ചെയ്തത്. തുടർന്നായിരുന്നു വാർഡ് ബോയ് ആക്രമിച്ചത്.
വാർഡ് ബോയ് ഗുലാബ് ഖാൻ്റെ ഒ.പി ടിക്കറ്റ് വലിച്ചുകീറുകയും കൈപിടിച്ചുതിരിക്കുകയും മുഖത്തും തലയിലുമടക്കം ശക്തിയായി അടിക്കുകയും ബലമായി ആശുപത്രിയിൽ നിന്ന് പുറത്താക്കുകയുമായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും ഝാൻസി പൊലീസ് എക്സിലൂടെ അറിയിച്ചു.
അതേസമയം, സംഭവത്തിന്റെ വീഡിയോ വൈറലായതോടെ, രോഗികൾക്കെതിരായ യു.പിയിലെ ആശുപത്രി ജീവനക്കാരുടെ ക്രൂരസമീപനങ്ങൾക്കെതിരെ പ്രതിഷേധവും വിമർശനവും ശക്തമായിട്ടുണ്ട്.