സുജിത് ദാസിന്‍റെ സസ്പെൻഷനിലേക്ക് നയിച്ചത് പി.വി അൻവറുമായുള്ള ഫോൺ സംഭാഷണം

സുജിത് ദാസിന്‍റെ സസ്പെൻഷനിലേക്ക് നയിച്ചത് പി.വി അൻവറുമായുള്ള ഫോൺ സംഭാഷണം

മലപ്പുറം: പത്തനംതിട്ട എസ്.പിയായിരുന്ന സുജിത് ഐപിഎസിന്‍റെ സസ്പെന്‍ഷനിലേക്ക് നയിച്ചത് പി.വി അന്‍വറുമായി നടത്തിയ സംഭാഷണത്തിലെ പരാമർശങ്ങള്‍. മരംമുറി പരാതി പിന്‍വലിക്കാൻ ആവശ്യപ്പെട്ടതും ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ അപകീർത്തിപരമായി പരാമർശം നടത്തിയതും ഗുരുതര ചട്ടലംഘനമെന്ന് വിലയിരുത്തല്‍. സുജിത് ദാസിന്‍റെ നടപടി പൊലീസ് സേനക്ക് തന്നെ നാണക്കേടുണ്ടാക്കിയെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍.

നിലമ്പൂർ എംഎല്‍എ പി.വി അന്‍വറുമായി നടത്തിയ ഈ ടെലഫോണ്‍ സംഭാഷണമാണ് സുജിത് ദാസ് ഐപിഎസിന് കെണിയായത്. മരംമുറി പരാതി പിന്‍വലിക്കാന്‍ ജനപ്രതിനിധിയോടെ കേണപേക്ഷിക്കുന്നത് സർവീസ് ചട്ടങ്ങളുടെ ലംഘനമായി. മാത്രമല്ല മേല്‍ ഉദ്യോഗസ്ഥരും സഹപ്രർത്തകരുമായി ഉദ്യോഗസ്ഥർക്കെതിരായ സുജിത് ദാസിന്‍റെ പരാർമശങ്ങളും ഗുരുതര അച്ചടലംഘനമാണെന്നാണ് സർക്കാർ വിലയിരുത്തിയത്.

സുജിത് ദാസിന്‍റെ നടപടി അദ്ദേഹത്തിന് മാത്രമല്ല ബാധിക്കുന്നത്, പൊലീസ് സേനയുടെ സല്‍പേരിന് തന്നെ കളങ്കമേല്‍പിച്ചെന്നും ചീഫ് സെക്രട്ടറി ഇറക്കിയ സസ്പെന്ഷന്‍ ഉത്തരവിലുണ്ട്. എംഎല്‍എയുമായുള്ള ടെലഫോണ്‍ സംഭാഷണത്തെ സുജിത് ദാസ് തള്ളിപറയാത്തതും നടപടിയിലേക്ക് നയിച്ചു.

സുജിത് ദാസിനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച ഡി ഐജി അജിതാബീഗത്തിന്‍റെ റിപ്പോർട്ടിലാണ് സുജിത്ദാസിന്‍റെ ചട്ടലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയത്. ഇതിനെ തുടർന്നാണ് നടപടി. സുജിത് ദാസിന്‍റെ സംഭാഷണം പുറത്തു വന്നെങ്കിലും പത്തനംതിട്ട എസ്‍പിയുടെ ചുമതലയില്‍ നിന്ന് മാറ്റാന്‍ മാത്രമാണ് ആദ്യ ഘട്ടത്തില്‍ ആഭ്യന്തര വകുപ്പ് തയാറായത്. സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷം തെരുവിലിറങ്ങി. ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ഐ പിഎസ് ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി വേണമെന്ന സമ്മർദ്ദം സിപി എമ്മിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതായും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *