അസം ടിഎംസി മുൻ പ്രസിഡന്റ് രിപുൻ ബോറ വീണ്ടും കോൺഗ്രസിൽ

Congress

ഗുവാഹതി: തൃണമൂൽ കോൺഗ്രസ് മുൻ അസം പ്രസിഡന്റ് രിപുൻ ബോറ കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞ ആഴ്ചയാണ് അദ്ദഹേ ടിഎംസി അംഗത്വം രാജിവെച്ചത്. പശ്ചിമ ബംഗാൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രാദേശിക പാർട്ടിയായ തൃണമൂലിന് അസമിലെ പ്രശ്‌നങ്ങളിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.Congress

2016 മുതൽ 2021 വരെ അസം പിസിസി അധ്യക്ഷനായിരുന്ന രിപുൻ ബോറ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ തോൽവിക്ക് പിന്നാലെ 2021ലാണ് പാർട്ടി വിട്ടത്. അസമിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങ്ങും പിസിസി അധ്യക്ഷൻ ഭൂപെൻ കുമാർ ബോറയും ചേർന്ന് രിപുൻ ബോറയെ സ്വീകരിച്ചു.

രിപുൻ ബോറയുടെ ഘർ വാപസിയാണ് നടന്നതെന്ന് ജിതേന്ദ്ര സിങ് പറഞ്ഞു. ടിഎംസിയിൽ ചേർന്നപ്പോഴും കോൺഗ്രസിന്റെ ഡിഎൻഎ അദ്ദേഹത്തിലുണ്ടായിരുന്നു. യാതൊരു ഉപാധികളുമില്ലാതെയാണ് അദ്ദേഹം പാർട്ടിയിൽ തിരിച്ചെത്തിയിരിക്കുന്നതെന്നും സിങ് പറഞ്ഞു.

പഴയ വീട്ടിലേക്ക് തിരിച്ചെത്താനായതിൽ അഭിമാനമുണ്ടെന്ന് രിപുൻ ബോറ പറഞ്ഞു. ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ടിഎംസിക്ക് കഴിയില്ല. അത് കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളൂ. കോൺഗ്രസിന്റെ തിരിച്ചുവരവ് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. താൻ ടിഎംസിയിൽ തുടരുകയാണെങ്കിൽ മതേതര വോട്ടുകൾ ഭിന്നിക്കാൻ കാരണമാകും. അത് പരോക്ഷമായി ബിജെപിക്കാണ് സഹായകരമാവുക. കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കിയാണ് കോൺഗ്രസിലേക്ക് മടങ്ങിയതെന്നും രിപുൻ ബോറ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *