ഇരുചക്ര വാഹനങ്ങളിലെ കുട്ടികളുടെ യാത്ര; പിഴ ഒഴിവാക്കാൻ ആലോചന

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ കുട്ടികളുൾപ്പെടെ മൂന്ന് പേരുടെ യാത്രയിൽ പിഴ ചുമത്തുന്നതിൽ പുനരാലോചനക്കൊരുങ്ങി സംസ്ഥാന സർക്കാർ. ജനങ്ങളുടെ ആശങ്ക കേന്ദ്രസർക്കാറിനെ അറിയിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. മോട്ടോർ വാഹന നിയമം ഭേദഗതി വരുത്താനും കേന്ദ്രത്തോട് ആവശ്യപ്പെടും.

സംസ്ഥാന സർക്കാരിന് മാത്രമായി ഒന്നും ചെയ്യാനില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ഇരുചക്രവാഹനത്തിൽ മാതാപിതാക്കളോടൊപ്പം ഒരു കുട്ടിയെ കൂടി കൊണ്ടുപോകുമ്പോൾ അത് മൂന്നുപേരുടെ യാത്രയായി കണക്കാക്കി, പിഴ ഈടാക്കുമെന്ന കാര്യത്തിൽ ആശങ്ക നേരത്തെ ഉയർന്നിരുന്നു. എന്നാൽ ഇത് കേന്ദ്ര നിയമമാണെന്നും ഇത് നേരത്തെ തന്നെ ഇവിടെയുള്ളതാണെന്നും എ.ഐ ക്യാമറ വന്നാൽ നിയമം കർശനമായി നടപ്പാക്കുമെന്നും ആന്റണി രാജു പറഞ്ഞിരുന്നു.

ഇത് വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. ഇതോടുകൂടിയാണ് ഒരു പുനരാലോചനക്ക് സർക്കാർ മുതിരുന്നത്. കേന്ദ്രനിയമമായതിനാൽ തന്നെ സംസ്ഥാനത്തിന് ഇടപെടാൻ പരിധിയുണ്ടെന്നും ഇത് കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും ആന്റണി രാജു പറഞ്ഞു. അടുത്ത മാസം പത്തിന് ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *