കാറ്ററിംഗ് യൂണിറ്റുകളിൽ പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്; പൂട്ടിച്ചത് എട്ട് യൂണിറ്റുകൾ
തിരുവനന്തപുരം: മധ്യ കേരളത്തിൽ കാറ്ററിംഗ് യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ പരിശോധന. വിവിധ ചടങ്ങുകളോടനുബന്ധിച്ചും അല്ലാതെയും ആശ്രയിച്ചു വരുന്ന കാറ്ററിംഗ് യൂണിറ്റുകളെ ബന്ധപ്പെട്ടുണ്ടാകുന്ന ഭക്ഷ്യവിഷബാധകളും അനുബന്ധ പരാതികളും ഉയർന്നു വരുന്ന സാഹചര്യത്തിലാണ് പരിശോധനകൾ നടത്തിയത്.
ഭക്ഷ്യസുരക്ഷ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ സെൻട്രൽ സോണിന്റെ കീഴിൽ വരുന്ന ജില്ലകളിലെ കാറ്ററിംഗ് യൂണിറ്റുകളിലാണ് നവംബർ 1, 2 തീയതികളിലായി വ്യാപക പരിശോധനകൾ നടത്തിയത്. പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകൾ കേന്ദ്രീകരിച്ച് 30 സ്‌ക്വാഡുകളായി തിരിഞ്ഞ് 151 സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്. കർശന പരിശോധനകൾ തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
കാറ്ററിംഗ് യൂണിറ്റുകളിലെ ലൈസൻസ്, ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ, വെള്ളം പരിശോധിച്ച റിപ്പോർട്ട്, പെസ്റ്റ് കൺട്രോൾ മാനദണ്ഡങ്ങൾ, പൊതുവായ ശുചിത്വം, പാചകത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ, ഭക്ഷണം ട്രാൻസ്പോർട്ട് ചെയ്യുന്ന രീതികൾ എന്നിവ കർശന പരിശോധനയ്ക്ക് വിധേയമാക്കി.
വിശദ പരിശോധനയ്ക്കായി 32 സ്ഥാപനങ്ങളിൽ നിന്നും നിയമാനുസൃത സാമ്പിളുകൾ ശേഖരിച്ച് ലാബുകളിൽ പരിശോധനയ്ക്കയച്ചു. മറ്റ് അപാകതകൾ കണ്ടെത്തിയ സ്ഥാപനങ്ങളിൽ 58 സ്ഥാപനങ്ങൾക്ക് പിഴ ഒടുക്കുന്നതിനുള്ള നോട്ടീസ് നൽകുകയും 13 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസുകൾ നൽകുകയും 9 സ്ഥാപനങ്ങൾക്ക് ഇപ്രൂവ്മെന്റ് നോട്ടീസുകൾ നൽകുകയും ചെയ്തു. നിയമപരമായ ലൈസൻസില്ലാതെയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായും പ്രവർത്തിക്കുന്ന 8 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു.
സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തിൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണർ ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മിഷണർ അജി. എസ്, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ സക്കീർ ഹുസൈൻ, എഫ്.എസ്.ഒ ജോസഫ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.