The Iranian hacker group leaked the information of Israeli officials through hacking and released it through Teletram

ഇസ്രയേലി ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ വിവരങ്ങള്‍ ഇറാന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. ആണവ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ ഇറാന്റെ ഓഫന്‍സീവ് സൈബര്‍ ഓപ്പറേഷനുമായി ബന്ധമുള്ള ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നാണ് വിവരം. സോറെഖ് ന്യൂക്ലിയര്‍ റിസര്‍ച്ച് സെന്ററില്‍ ജോലി ചെയ്യുന്ന ഒരു പ്രമുഖ ഇസ്രയേലി ആണവ ശാസ്ത്രജ്ഞന്റെ ഫോട്ടോകള്‍ ഉള്‍പ്പെടെ ഹാക്കിംഗ് ഗ്രൂപ്പ് ടെലിഗ്രാമിലൂടെ പുറത്തുവിട്ടു. (Israel under Cyberattack Hackers Leak Info on Nuclear Scientist)

ഇസ്രയേലിന്റെ ആണവ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പാര്‍ട്ടിക്കിള്‍ ആക്‌സിലറേറ്റര്‍ പ്രൊജക്ടില്‍ ഉള്‍പ്പെട്ട ശാസ്ത്രജ്ഞരുടെ വിവരങ്ങളും ഇറാനിയന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നും ഈ വിവരങ്ങള്‍ പുറത്തുവിട്ടുമെന്നുമാണ് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ പ്രതിരോധ മന്ത്രാലയ ഡയറക്ടര്‍ ജനറലിന്റെയും യുഎസിലെ ഇസ്രായേല്‍ അംബാസഡറുടെയും സ്വകാര്യ ഫോട്ടോഗ്രാഫുകളും രേഖകളും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കുടുംബ വിവരങ്ങളും ഹാക്കര്‍മാര്‍ പുറത്തുവിട്ടിട്ടുമുണ്ട്. ആണവ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട 2014-2015 കാലയളവിലെ ചില ചിത്രങ്ങളും ഹാക്കര്‍ സംഘം ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

Read Also:സുരക്ഷാഭീഷണി; നെതന്യാഹു കഴിയുന്നത് പ്രധാനമന്ത്രിയുടെ ഓഫീസിലെ ബങ്കറിൽ

കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വൈകാതെ അതും പുറത്തുവിടുമെന്നും ഇറാനിയന്‍ ഹാക്കര്‍മാര്‍ ഭീഷണിപ്പെടുത്തിയതായും ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ ഗൗരവതരവും രഹസ്യാത്മകവുമായ വിവരങ്ങള്‍ പുറത്തുവന്നേക്കുമോയെന്ന് ഇസ്രായേലി സൈബര്‍ സുരക്ഷാ വിദഗ്ധര്‍ക്ക് ആശങ്കയുണ്ട്. എന്നാല്‍ ചോര്‍ന്ന ചിത്രങ്ങള്‍ ഇസ്രായേലി ആണവോര്‍ജ കമ്മീഷന്റെ പ്രൊജക്ടുകളുടേതല്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. ഡിമോണ ന്യൂക്ലിയര്‍ റിസര്‍ച്ച് സെന്ററില്‍ നിന്ന് ചില വിവരങ്ങള്‍ ചോര്‍ത്തിയതായി ഇതേ ഹാക്കര്‍ സംഘം മുന്‍പും അവകാശപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *