മണിപ്പൂരിൽ നാല് എം.എൽ.എമാരുടെ വീടുകൾ കൂടി കത്തിച്ചു; മുഖ്യമന്ത്രിയുടെ കുടുംബവസതി ആക്രമിക്കാൻ ശ്രമിച്ച് പ്രക്ഷോഭകർ
ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്‍റെ കുടുംബ വസതിയിലേക്ക് ഇരച്ചുകയറാനുള്ള പ്രക്ഷോഭകരുടെ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി. പ്രകോപിതരായ ജനക്കൂട്ടം ഇംഫാൽ താഴ്‌വരയിലെ വിവിധ ജില്ലകളിൽ മുതിർന്ന മന്ത്രിയുടെയും ഒരു കോൺഗ്രസ് എം.എൽ.എയുടെയും മൂന്ന് ബി.ജെ.പി എം.എൽ.എമാരുടെയും വീടുകൾക്കുകൂടി തീയിട്ടു.
ജിരിബാം ജില്ലയിൽ തീവ്രവാദികൾ മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയും കൊലപ്പെടുത്തിയതിൽ പ്രകോപിതരായ ആളുകൾ ശനിയാഴ്ച മൂന്ന് സംസ്ഥാന മന്ത്രിമാരുടെയും ആറ് എം.എൽ.എമാരുടെയും വസതികൾ ആക്രമിച്ചിരുന്നു. തുടർന്ന് അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയിട്ടും ശനിയാഴ്ച രാത്രി അക്രമാസക്തമായ പുതിയ സംഭവങ്ങൾ നടന്നു.
രോഷാകുലരായ ആളുകൾ പി.ഡബ്ല്യു.ഡി മന്ത്രി ഗോവിന്ദാസ് കോന്തൗജമിന്റെ നിങ്‌തൗഖോങ്ങിലെയും, ബി.ജെ.പി എം.എൽ.എ വൈ.രാധേശ്യാമിന്റെ ലാങ്‌മൈഡോങ് ബസാറിലെയും, ബി.ജെ.പി എം.എൽ.എ പവോനം ബ്രോജന്റെ തൗബാൽ ജില്ലയിലെയും, കോൺഗ്രസ് എം.എൽ.എ ലോകേശ്വറിന്റെ ഖുന്ദ്രക്‌പാമിലെയും വീടുകൾ കത്തിച്ചു. ജനക്കൂട്ടം പാർപ്പിട വളപ്പിൽ ഇരച്ചുകയറുകയും വസ്തുവകകൾ നശിപ്പിക്കുകയും വീടുകൾക്ക് തീയിടുകയും ചെയ്യുമ്പോൾ നിയമസഭാംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും വീട്ടിലില്ലായിരുന്നു. വീടുകൾ ഭാഗികമായി കത്തിനശിച്ചതായി പൊലീസ് പറഞ്ഞു. അഗ്‌നിശമന സേന സ്ഥലത്തെത്തിയാണ് തീയണച്ചത്.
ശനിയാഴ്ച രാത്രി പ്രതിഷേധക്കാർ ഇംഫാൽ ഈസ്റ്റിലെ ലുവാങ്‌ഷാങ്‌ബാമിലുള്ള ബിരേൻ സിങ്ങിന്‍റെ കുടുംബവസതിയിലേക്ക് മുന്നേറിയെങ്കിലും സുരക്ഷാ സേന ഏതാനും മീറ്റർ അകലെ അവരെ തടഞ്ഞു. അസം റൈഫിൾസ്, ബി.എസ്.എഫ്, സ്റ്റേറ്റ് ഫോഴ്സ് എന്നിവയുൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ നിരവധി റൗണ്ട് റബ്ബർ ബുള്ളറ്റുകളും കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിക്കുകയും സിങ്ങിന്‍റെ വീടിന് കേടുപാടുകൾ വരുത്താനുള്ള ശ്രമം പരാജയപ്പെടുത്തുകയും ചെയ്തു.
പിന്നീട്, ബിരേൻ സിങ്ങിന്‍റെ വസതിയിലേക്ക് പോകുന്ന പ്രധാന റോഡിൽ പ്രതിഷേധക്കാർ ടയറുകൾ കത്തിക്കുകയും വാഹന ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ തറവാട്ടിൽനിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള മന്ത്രിപുഖ്രി പ്രദേശത്ത് രാത്രി 11 മണി വരെ പ്രതിഷേധം തുടർന്നു. പ്രതിഷേധക്കാരിൽ പലരും മറ്റ് മണ്ഡലങ്ങളിൽനിന്ന് വാഹനങ്ങളിലാണ് എത്തിയതെന്നും മുഖ്യമന്ത്രി പ്രതിനിധീകരിക്കുന്ന ഹീൻഗാങ് നിയമസഭാ സീറ്റിൽ നിന്നല്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
നേരത്തെ ബിരേൻ സിങ്ങിന്‍റെ മരുമകനും ബി.ജെപി എം.എൽ.എയുമായ ആർ.കെ ഇമോയുടേത് ഉൾപ്പെടെ മൂന്ന് നിയമസഭാംഗങ്ങളുടെ വീടുകൾ പ്രക്ഷോഭകർ കൊള്ളയടിക്കുകയും വസ്തുവകകൾക്ക് തീയിടുകയും ചെയ്തിരുന്നു. പ്രതിഷേധക്കാർ വസതികൾ ആക്രമിച്ച മന്ത്രിമാരിൽ സപം രഞ്ജൻ, എൽ സുശീന്ദ്രോ സിംഗ്, വൈ ഖേംചന്ദ് എന്നിവരും ഉൾപ്പെടുന്നുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഞായറാഴ്ച രാവിലെ സ്ഥിതിഗതികൾ ശാന്തമായിരുന്നുവെങ്കിലും ഇംഫാൽ താഴ്‌വരയിലെ അഞ്ച് ജില്ലകളും സംഘർഷഭരിതമാണ്. സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് അക്രമാസക്തമായ പ്രതിഷേധത്തിനുപിന്നാലെ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തുകയും ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു.
ഇംഫാലിന്റെ ചില ഭാഗങ്ങളിൽ സുരക്ഷാ സേന പട്രോളിംഗ് ശക്തമാക്കുകയും ശനിയാഴ്ച ആക്രമിക്കപ്പെട്ട നിയമസഭാംഗങ്ങളുടെ വസതികളിലും സെക്രട്ടേറിയറ്റ്, ബി.ജെ.പി ആസ്ഥാനം, രാജ്ഭവൻ എന്നിവിടങ്ങളിലേക്കുള്ള എല്ലാ പ്രധാന റോഡുകളിലും വിന്യാസം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. താഴ്‌വരയിലെ ഇംഫാൽ ഈസ്റ്റ്, വെസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കച്ചിംഗ് ജില്ലകളിൽ അനിശ്ചിതകാലത്തേക്ക് കർഫ്യൂ ഏർപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.