ആര് ജയിക്കും; ചങ്കിടിപ്പോടെ മുന്നണികൾ, സ്ട്രോങ് റൂമുകൾ തുറന്നു
തിരുവന്തപുരം: രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ നിമിഷങ്ങള്‍ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. ചേലക്കരയിലും വയനാട്ടിലും സ്ട്രോങ് റൂമുകള്‍ തുറന്നു.
കൃത്യം എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. എട്ടരയോടെ ആദ്യഫല സൂചനകൾ വന്നുതുടങ്ങും. വളരെ വേഗത്തിൽ, കൃത്യതയോടെഉള്ള വിവരങ്ങൾ പ്രേഷകരിലേക്ക് എത്തിക്കാൻ മീഡിയവൺ സംഘം തയ്യാറാണ്.
മൂന്ന് മണ്ഡലങ്ങളിൽ ത്രികോണ മത്സരം നടന്നത് പാലക്കാട് തന്നെയാണ്. പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് അനായാസ ജയം സാധ്യമാകുമോ? ഡോ.പി. സരിനിലൂടെ എൽഡിഎഫ് വിജയക്കൊടി പാറിക്കുമോ അതോ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി സി കൃഷ്ണകുമാറിലൂടെ ഇത്തവണ നിയമസഭയിൽ ഒരു സീറ്റ് ഉറപ്പിക്കുമോ. പാലക്കാട് ഫലം പ്രവചനാതീതമാണ്.
ചേലക്കര നിലനിർത്തുക എൽഡിഎഫിന് വളരെ സുപ്രാധാനമാണ്. മറിച്ചായാൽ സർക്കാർ പല ചോദ്യങ്ങൾക്കും മറുപടി പറയേണ്ടി വരും. വയനാട്ടിൽ യുഡിഎഫിന് ആശങ്കയേ ഇല്ല. പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം എത്രയാകും എന്നതിലാണ് കണക്കൂട്ടലുകൾ.