‘ആ നോബോള്‍ എല്ലാം നശിപ്പിച്ചു’; തോല്‍വിക്ക് ശേഷം സഞ്ജു

ജയ്പൂര്‍: അവസാന പന്തുവരെ ആവേശം അലയടിച്ച മത്സരത്തില്‍ കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദ് തകര്‍പ്പന്‍ ജയമാണ് കുറിച്ചത്. ഹൈദരാബാദിന് അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ നിര്‍ണായക നിമിഷത്തില്‍ സന്ദീപ് ശര്‍മ ഒരു നോബോള്‍ എറിഞ്ഞതാണ് രാജസ്ഥാന് വിനയായത്. ഫ്രീഹിറ്റ് ബോള്‍ അബ്ദുസ്സമദ് സിക്സര്‍ പറത്തി ഹൈദരാബാദിനെ വിജയതീരമണക്കുകയായിരുന്നു.

മത്സരത്തിന് ശേഷം ഏറെ നിരാശയിലായിരുന്നു രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍. കയ്യിലുണ്ടായിരുന്ന കളി കൈവിട്ടുപോയതിന്‍റെ ദുഖം സഞ്ജുവിന്‍റെ വാക്കുകളില്‍ കാണാമായിരുന്നു. സന്ദീപ് ശര്‍മയില്‍ ഏറെ വിശ്വാസമുണ്ടായിരുന്നു എന്നും അത് കൊണ്ടാണ് അദ്ദേഹത്തിന് പന്തേല്‍പ്പിച്ചത് എന്നും സഞ്ജു പറഞ്ഞു.

”എനിക്ക് സന്ദീപിൽ വിശ്വാസമുണ്ടായിരുന്നു. സമാനമായൊരു സാഹചര്യത്തിൽ ചെന്നൈക്കെതിരെ അദ്ദേഹം ഞങ്ങളെ വിജയിപ്പിച്ചിട്ടുണ്ട്. ഇന്നും അദ്ദേഹം നന്നായി തന്നെ പന്തെറിഞ്ഞു. പക്ഷെ ആ നോബോൾ എല്ലാം നശിപ്പിച്ചു”- സഞ്ജു പറഞ്ഞു.

സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ ഹൈദരാബാദിന് 17 റണ്‍സ് വേണമായിരുന്നു. അവസാന പന്തിലേക്കെത്തുമ്പോള്‍ അത് അഞ്ചായി ചുരുങ്ങി. അവസാന പന്ത് ഒരു ക്യാച്ചില്‍ കലാശിച്ചതും രാജസ്ഥാന്‍ താരങ്ങളും ആരാധകരും ആഘോഷമാരംഭിച്ചു. എന്നാല്‍ അമ്പയര്‍ നോബോള്‍ വിളിച്ചതും ജയ്പൂര്‍ സ്റ്റേഡിയം നിശബ്ദമായി. ഫ്രീഹിറ്റ് ബോള്‍ അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി അബ്ദുസ്സമദ് രാജസ്ഥാന്‍റെ കയ്യില്‍ നിന്ന് വിജയം തട്ടിപ്പറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *