താനൂർ ബോട്ടപകടം: ബോട്ടുടമ നാസർ അറസ്റ്റില്‍

കോഴിക്കോട്: താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപെട്ട ബോട്ടിന്റെ ഉടമ നാസർ അറസ്റ്റിൽ. കോഴിക്കോട്ടു വച്ചാണ് ഇയാൾ പിടിയിലായത്. വൈകീട്ട് ആറോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിഡിയിലെടുത്തത്. നാസറിനെ ഉടൻ താനൂർ പൊലീസിനു കൈമാറും.

അപകടത്തിനു പിന്നാലെ നാസറും ഡ്രൈവർ ഉള്‍പ്പെടെയുള്ള ജീവനക്കാരും ഒളിവിൽ പോയിരിക്കുകയായിരുന്നു. കോഴിക്കോട്ടാണ് നാസർ ഒളിവിൽ കഴിഞ്ഞിരുന്നത്. ജീവനക്കാരെ പിടികൂടാനുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

പാലാരിവട്ടം പൊലീസിന്റെ കസ്റ്റഡിയിലുള്ള സഹോദരന്റെ ഫോണിലേക്ക് ബോട്ടുടമ നാസർ വിളിച്ചതായി നേരത്തെ പൊലീസ് വെളിപ്പെടുത്തിയിരുന്നു. പിന്നീട് നാസർ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. പാലാരിവട്ടം പൊലീസിന്റെ കസ്റ്റഡിയിലുള്ളവരെ താനൂർ പൊലീസിന് കൈമാറും.

 

Also Read: ബോട്ട് നിർമിക്കുന്നതിന് അനുമതി വാങ്ങിയിരുന്നില്ല, മുകൾനില യാത്രക്ക് യോഗ്യമല്ല’; ബോട്ട് സർവെ സർട്ടിഫിക്കറ്റ് പുറത്ത്

ഉച്ചയോടെ നാസറിന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊച്ചിയിൽ വെച്ചാണ് വാഹനം പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെ മുതൽ കൊച്ചിയിൽ വാഹനപരിശോധന കർശനമാക്കിയിരുന്നു. ഇതിനിടയിലാണ് നാസറിന്റെ വാഹനം പിടികൂടിയത്. നാസർ വാഹനത്തിലുണ്ടായിരുന്നില്ല. ഡ്രൈവറും നാസറിന്റെ സഹോദരങ്ങളുമാണ് വാഹനത്തിൽ യാത്ര ചെയ്തിരുന്നത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Also Read :ഒരു കുടുംബത്തിൽനിന്ന് മരിച്ചത് 12 പേർ; ഒമ്പത് ആളുകളും ഒരു വീട്ടിൽനിന്ന്

അതേസമയം സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ബോട്ട് സർവീസ് നടത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ബോട്ടിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകളെ കയറ്റിയാണ് സർവീസ് നടത്തിയത്. ആറ് മണിക്ക് സർവീസ് നിർത്തണമെന്നാണ് നിയമമെങ്കിലും അതും ലംഘിച്ചാണ് അപകടമുണ്ടാക്കിയ ബോട്ട് ഇന്നലെ സർവീസ് നടത്തിയത്. ഉടമ നാസറിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.

Also Read: താനൂർ ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞത്. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് രണ്ടു ലക്ഷം വീതവും പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും താനൂരിലെത്തി മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *