മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; കേസെടുക്കാനാകില്ലെന്ന് വീണ്ടും പൊലീസ് റിപ്പോർട്ട്

Mallu Hindu WhatsApp group controversy; Police report again says no case can be filed

 

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന് വീണ്ടും പൊലീസ് റിപ്പോർട്ട്. നാർകോട്ടിക് സെൽ എസിപി നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഗ്രൂപ്പിൽ ചേർക്കപ്പെട്ട വ്യക്തികൾ പരാതി നൽകിയാൽ മാത്രമേ കേസെടുക്കാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. നിലവിൽ ലഭിച്ചത് കൊല്ലം ഡിസിസി ജനറൽ സെക്രട്ടറിയുടെ പരാതി മാത്രമാണ്. മൂന്നാമതൊരു കക്ഷി നൽകിയ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്നും പൊലീസ് പറഞ്ഞു. ഗ്രൂപ്പിൽ മതസ്പർധ വളർത്തുന്ന സന്ദേശങ്ങൾ വന്നിട്ടില്ലെന്നും നിഗമനമുണ്ട്. റിപ്പോർട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറി. നേരത്തെ സിറ്റി ഡിസിപി നടത്തിയ പ്രാഥമിക അന്വേഷണത്തിലും കേസെടുക്കാൻ കഴിയില്ലെന്ന നിഗമനത്തിൽ എത്തിയിരുന്നു.

വെള്ളിയാഴ്ച കേസിൽ കെ. ഗോപാലകൃഷ്ണൻ ഐഎഎസിന് കുറ്റാരോപണ മെമ്മോ നൽകിയിരുന്നു. ചീഫ് സെക്രട്ടറിയാണ് ചാർജ് മെമ്മോ നൽകിയത്. ഗോപാലകൃഷ്ണൻ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഇടയിൽ വിഭാഗീതയുണ്ടാക്കാൻ ശ്രമിച്ചു എന്നും സർവീസ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നും മെമ്മോയിലുണ്ട്. ഒരു മാസത്തിനുള്ളിൽ മറുപടി നൽകണമെന്ന് ചീഫ് സെക്രട്ടറി. മറുപടി തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടിയിലേക്ക് പോകുമെന്ന് മുന്നറിയിപ്പ്. ചില കുറ്റങ്ങൾ ചെയ്തെന്ന കണ്ടെത്തലിന് പിന്നാലെ ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്തിരുന്നു. സംസ്ഥാനത്തിന് പുറമെ ഐഎഎസ് കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ നിരവധി സാങ്കേതിക നടപടികളുണ്ട്. കുറ്റാരോപിതന് മറുപടി നൽകാൻ ഒരവസരം എന്ന നിലയിലാണ് കുറ്റാന്വേഷണ മെമ്മോ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *